ഫുജൈറ: ജനവാസ മേഖലയായ മസാഫി പ്രദേശത്തിന് സമീപം ഒരു കാട്ടുമൃഗം അലഞ്ഞ് തിരിയുന്ന വീഡിയോ വൈറലായതിനെ തുടർന്ന് സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണന്ന് എമിറേറ്റ്സ് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
ഫുജൈറ പരിസ്ഥിതി ഏജൻസിയിൽ നിന്നുള്ള ഒരു സ്പെഷ്യലിസ്റ്റ് സംഘം മൃഗത്തിൻ്റെ ഫോട്ടോ എടുക്കുകയും താമസക്കാർ മൃഗത്തെ കണ്ട സ്ഥലത്ത് ഇപ്പോഴും ഉണ്ടോ എന്നും പരിശോധിച്ച് വരികയാണ്. ഇരയെ പിടിക്കാൻ വായുവിലേക്ക് പത്ത് അടി ഉയരത്തിൽ ചാടാൻ കഴിയുന്ന ഒരു ഇടത്തരം പൂച്ചയാണിതെന്നും ഈ മൃഗത്തെ “അൽ വാഷ്ക്” എന്നാണെന്ന് അറിയപ്പെടുന്നതെന്നും അതോറിറ്റി പറഞ്ഞു.
ഈ കാട്ടുമൃഗം ഏതെങ്കിലും താമസിക്കുന്നയാളുടെ ഉടമസ്ഥതയിലുള്ളതാണോ അതോ അലഞ്ഞ് തിരിയുന്ന മൃഗമാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇത് ആരുടെയെങ്കിലും ഉടമസ്ഥതയിലുള്ളതാണെന്ന് തെളിഞ്ഞാൽ വ്യക്തിക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
ഇത്തരം മൃഗങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കാനും താമസക്കാരോട് ആവശ്യപെട്ടിട്ടുണ്ട് വന്യമൃഗങ്ങളെ കുറിച്ചോ അത്തരം സംഭവങ്ങളെയോ അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പറായ 800368 ൽ ബന്ധപ്പെടാൻ അതോറിറ്റി താമസക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.