ജിദ്ദ – ദക്ഷിണ സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂത്തി മിലീഷ്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് റിയാദ്, ജിദ്ദ, ദുബായ്, ഷാര്‍ജ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഹൂത്തി ആക്രമണം യു.എ.ഇയുമായും സൗദി അറേബ്യയുടെ മറ്റ് ഭാഗങ്ങളുമായും അബഹ നഗരത്തെ ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകളെ തടസ്സപ്പെടുത്തി. ജൂലൈ 14 ചൊവ്വാഴ്ച രാവിലെ 10.25 നും വൈകുന്നേരം 4.05 നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് അബഹയിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഫ്‌ളൈ ദുബായുടെ വെബ്സൈറ്റ് വ്യക്തമാക്കി.
ഫ്‌ളൈറ്റ് റഡാര്‍ 24 ഡാറ്റ പ്രകാരം അബഹയില്‍ നിന്ന് ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള മടക്ക സര്‍വീസുകളും റദ്ദാക്കി. ഉച്ചയ്ക്ക് 12.15 ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന ഫ്‌ളൈ ദുബായ് എഫ്.ഇസെഡ്-815 സര്‍വീസും വൈകുന്നേരം 5.55 ന് പുറപ്പെടേണ്ടിയിരുന്ന എഫ്.ഇസെഡ്-811 വിമാന സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. എയര്‍ അറേബ്യയുടെ ഉച്ചക്ക് 2.25 ന് പുറപ്പെടേണ്ടിയിരുന്ന അബഹയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ജി-9195 നമ്പര്‍ വിമാന സര്‍വീസും റദ്ദാക്കി.
ചൊവ്വാഴ്ച രാവിലെ 11.50 നും വൈകുന്നേരം 5.55 നും ഇടയില്‍ അബഹയില്‍ നിന്നുള്ള 10 ഡിപ്പാര്‍ച്ചര്‍ സര്‍വീസുകളെങ്കിലും റദ്ദാക്കിയതായി ഫ്‌ലൈറ്റ് റാഡാര്‍ 24 ഡാറ്റ കാണിക്കുന്നു. ഇതില്‍ അഞ്ച് സൗദിയ സര്‍വീസുകളും രണ്ട് ഫ്‌ളൈ അദീല്‍ സര്‍വീസുകളും ഉള്‍പ്പെടുന്നു. ഈ സമയത്ത് സൗദിയ റിയാദിലേക്കുള്ള മൂന്ന് ഡിപ്പാര്‍ച്ചര്‍ സര്‍വീസുകളും ജിദ്ദയിലേക്കുള്ള രണ്ട് സര്‍വീസുകളും റദ്ദാക്കി. ഉച്ചക്ക് 1.05 നും വൈകുന്നേരം 5.25 നും നടക്കേണ്ടിയിരുന്ന അബഹയില്‍ നിന്ന് ജിദ്ദയിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ ഫ്‌ളൈ അദീല്‍ റദ്ദാക്കി.
യെമനിലെ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം തിങ്കളാഴ്ച വൈകുന്നേരം അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. അബഹ ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് പറഞ്ഞു.
ഏതാനും വര്‍ഷത്തെ ആപേക്ഷിക ശാന്തതക്ക് ശേഷം ഹൂത്തികളും സൗദി അറേബ്യയും തമ്മിലുള്ള ആദ്യത്തെ വലിയ സംഘര്‍ഷമാണ് അബഹ എയര്‍പോര്‍ട്ട് ആക്രമണം. ഐക്യരാഷ്ട്രസഭ രക്ഷാ സമിതി തിങ്കളാഴ്ച അടിയന്തിര യോഗം ചേര്‍ന്ന് ഏറ്റുമുട്ടല്‍ വിശാലമായ പ്രാദേശിക സംഘര്‍ഷമായി വളരുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. യെമനും വിശാലമായ മേഖലക്കും ഇനിയൊരു സംഘര്‍ഷാവസ്ഥ താങ്ങാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഖാലിദ് ഖിയാരി രക്ഷാ സമിതിയില്‍ പറഞ്ഞു. യു.എന്നിന്റെ ആഭിമുഖ്യത്തില്‍ എല്ലാ പങ്കാളികളോടും ക്രിയാത്മകമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നുവെന്ന് ഖാലിദ് ഖിയാരി പറഞ്ഞു.
ഉപരോധം ലംഘിച്ച് സന്‍ആ എയര്‍പോര്‍ട്ടില്‍ ഇറാന്‍ വിമാനം ലാന്‍ഡ് ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് സന്‍ആ എയര്‍പോര്‍ട്ട് റണ്‍വേ ആക്രമിച്ചതെന്ന് യെമന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. സന്‍ആയില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്ന ഇറാന്‍ വിമാനം പിന്നീട് ചെങ്കടല്‍ തീരത്തെ ഹുദൈദ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. ദക്ഷിണ സൗദി അറേബ്യക്കു നേരെ ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായും മിസൈലുകള്‍ തടഞ്ഞ് തകര്‍ത്തതായും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.



