ലോസ് ആഞ്ചലസ്– റൗണ്ട് ഓഫ് 16-ൽ പോർച്ചുഗലിനെതിരെ പകരക്കാരനായി ഇറങ്ങി നിമിഷങ്ങൾക്കകം ഗോൾ നേടി സ്പെയിനെ വിജയത്തിലെത്തിച്ച മിക്കൽ മെറിനോ വീണ്ടും അവതരിച്ചപ്പോൾ ഇത്തവണ വീണത് മറ്റൊരു യൂറോപ്യൻ വമ്പൻമാരായ ബെൽജിയം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണീർ വീഴ്ത്തിയ അതേ താരം ഇത്തവണ കെവിൻ ഡി ബ്രൂയിൻ, ലുക്കാക്കു, തിബോ കോർട്ടുവ തുടങ്ങിയ ബെൽജിയം സിംഹങ്ങളുടെ കണ്ണീരാണ് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ വീഴ്ത്തിയത്. ആവേശകരമായ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു. 2010-ൽ കിരീടം ചൂടിയതിന് ശേഷം സ്പെയിൻ ആദ്യമായാണ് ലോകകപ്പിന്റെ സെമി ഫൈനലിൽ കടക്കുന്നത്. കിലിയൻ എംബാപ്പെയുടെ ഫ്രാൻസാണ് സെമിയിൽ സ്പെയിന്റെ എതിരാളികൾ.
മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനായി ഫാബിയാൻ റൂയിസും മിക്കൽ മെറിനോയും വല കുലുക്കിയപ്പോൾ ബെൽജിയത്തിന്റെ ഏക ഗോൾ ചാൾസ് ഡി കെറ്റലാറെയാണ് സ്വന്തമാക്കിയത്. കളിയുടെ മുപ്പതാം മിനിറ്റിൽ ഫാബിയാൻ റൂയിസിലൂടെ സ്പെയിനാണ് ആദ്യം ലീഡെടുത്തത്. പെഡ്രോ പോറോ വലതുവശത്തുനിന്നും ബോക്സിലേക്ക് നൽകിയ ലോ ക്രോസ് ഡാനി ഓൽമോ സ്വീപ് ചെയ്ത് ഗോൾവലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ബെൽജിയം കീപ്പർ കോർട്ടുവ അത് തടഞ്ഞു. എന്നാൽ റീബൗണ്ടായി വന്ന പന്ത് ക്ലോസ് റേഞ്ചിൽ നിന്നും എട്ടാം നമ്പർ താരം ഫാബിയാൻ റൂയിസ് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ, 41-ാം മിനിറ്റിൽ സ്പെയിനെ ഞെട്ടിച്ചുകൊണ്ട് ബെൽജിയം തിരിച്ചടിച്ചു. ട്രൊസാർഡ് നൽകിയ പാസിൽ നിന്നും തിമോത്തി കാസ്റ്റാഗ്നെ ബോക്സിലേക്ക് നൽകിയ കൃത്യതയാർന്ന ക്രോസ്സ്, പ്രതിരോധ താരം കുബാർസിയെ മറികടന്ന് ചാൾസ് ഡി കെറ്റലാറെ അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ സ്പെയിൻ കീപ്പർ ഉനായ് സിമോണിനെ കീഴടക്കി വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിൽ സ്പെയിൻ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിൽ വിജയ ഗോളിനായി നിരന്തരം ആക്രമിച്ചു കളിച്ച സ്പെയിനിന്റെ കഠിനശ്രമങ്ങൾ ഒടുവിൽ ഫലം കണ്ടത് 88-ാം മിനിറ്റിലാണ്. ഇതിനിടയിൽ മത്സരത്തിന്റെ 70-ാം മിനിറ്റിൽ പരിക്കിനെ തുടർന്ന് ബെൽജിയം തങ്ങളുടെ വിശ്വസ്തനായ ഗോൾകീപ്പർ തിബോ കോർട്ടുവയെ പിൻവലിക്കാൻ നിർബന്ധിതരായി. കോർട്ടുവയ്ക്ക് പകരം ലാമെൻസിനെയാണ് അവർ കളത്തിൽ ഇറക്കിയത്.
കളിയുടെ 86-ാം മിനിറ്റിൽ ഡാനി ഓൽമോയുടെ പകരക്കാരനായാണ് മെറിനോ കളത്തിലിറങ്ങിയത്. പകരക്കാരനായി ഇറങ്ങി വെറും രണ്ട് മിനിറ്റുകൾ മാത്രം പിന്നിട്ടപ്പോൾ മെറിനോ തന്റെ സുവർണ്ണ ഗോൾ കണ്ടെത്തി. പെഡ്രി നൽകിയ പാസിൽ നിന്നും മുന്നേറിയ കുബാർസി തൊടുത്ത ലോ ഷോട്ട് പകരക്കാരൻ കീപ്പർ ലാമെൻസിന്റെ കൈകളിൽ നിന്നും ഒഴിഞ്ഞുമാറി നേരെ മെറിനോയുടെ കാൽക്കലിലേക്ക് എത്തുകയും, പന്ത് ഒട്ടും സമയം കളയാതെ മെറിനോ വലയിലേക്ക് തട്ടിയിട്ട് സ്പെയിന് 2-1 ന്റെ ആവേശ വിജയം സമ്മാനിക്കുകയുമായിരുന്നു.
മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത സ്പെയിന്റെ യുവവിങ്ങർ ലാമിൻ യാമൽ ആണ് കളിയിലെ മാൻ ഓഫ് ദി മാച്ച്. കളിയുടെ എല്ലാ മേഖലകളിലും സ്പെയിൻ വ്യക്തമായ ആധിപത്യം പുലർത്തി. 68 ശതമാനം പന്തടക്കത്തോടെ കളിച്ച സ്പെയിൻ, ബെൽജിയത്തിന്റെ പോസ്റ്റിലേക്ക് 17 ഷോട്ടുകൾ ഉതിർത്തപ്പോൾ ബെൽജിയത്തിന് വെറും 5 ഷോട്ടുകൾ മാത്രമാണ് തൊടുക്കാനായത്.



