ജിദ്ദ: ഈ സീസണിലെ ആദ്യ ഇന്ത്യൻ ഹജ് സംഘം ഒമ്പതാം തിയ്യതി മദീനയിലെത്തും. ഹൈദരാബാദിൽ നിന്നുള്ള ഹാജിമാരാണ് ആദ്യം വരുന്നത്. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്നായി മൊത്തം 1,75,025 പേർ മദീനയിലും ജിദ്ദയിലുമായി ഇറങ്ങും. ഇവരുടെ താമസത്തിനായി മക്കയിൽ 450 കെട്ടിടങ്ങൾ സജ്ജീകരിച്ച് കഴിഞ്ഞു.
ഇന്ത്യൻ ഹാജിമാരുടെ സൗകര്യങ്ങൾ സംബന്ധിച്ച തയ്യാറെടുപ്പുകളും നടപടിക്രമങ്ങളും പരിശോധിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോർട്ട്, വിസ, ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് എന്നിവയുടെ ചുമതലയുള്ള സെക്രട്ടറി മുക്തേഷ് കെ. പരദേശി, ഗൾഫ് ഡസ്ക് ജോയിന്റ് സെക്രട്ടറി അസീം മഹാജൻ എന്നിവർ മദീനയിലും ജിദ്ദയിലും സന്ദർശനം പൂർത്തിയാക്കി. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, പുതുതായി ജിദ്ദയിൽ നിയമിതനായ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഹജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ എന്നിവരും കേന്ദ്ര സംഘത്തോടൊപ്പമുണ്ടായിരുന്നു.
മദീന എയർപോർട്ട്, ഇന്ത്യൻ ഹജ് മിഷൻ ഓഫീസ്, ഇന്ത്യൻ ഹാജിമാരുടെ പാർപ്പിടം എന്നിവയും ഇവർ സന്ദർശിച്ചു. പ്രവാചകന്റെ പള്ളി പരിസരവും ഉഹ്ദ് മലയുടെയും ഖുബ്ബ മസ്ജിദിന്റെയും പാർശ്വപ്രദേശങ്ങളും സംഘം സന്ദർശിച്ചു. കേന്ദ്ര ഹജ് കമ്മിറ്റി വഴി 140020 പേരും സ്വകാര്യ – ട്രാവൽ ഏജൻസി വഴി 35005 പേരുമാണ് ഇന്ത്യയിൽ നിന്ന് ഇത്തവണ എത്തുന്നത്. ആദ്യ സംഘങ്ങൾ മദീനയിലും ദുൽഖഅദ് അവസാനം വരുന്നവർ ജിദ്ദയിലുമാണ് ഇറങ്ങുക. അവസാനം വരുന്നവരുടെ മദീനാ സന്ദർശനം ഹജ്ജിനു ശേഷമായിരിക്കും.