ഗാസ – മധ്യ, വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മധ്യഗാസ മുനമ്പിലെ മഗാസി അഭയാര്‍ഥി ക്യാമ്പിന്റെ പ്രവേശന കവാടത്തിനടുത്തുള്ള ഷോമര്‍ ഫാക്ടറിക്ക് സമീപം ഒരു കാറിനു നേരെ ഇസ്രായിലി ഡ്രോണ്‍ മിസൈല്‍ ആക്രമണം നടത്തിയതായി ദൃക്സാക്ഷികളും പ്രാദേശിക സ്രോതസ്സുകളും റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിലരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും ദെയ്ര്‍ അല്‍ബലഹിലെ അല്‍അഖ്സ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്യാപ്റ്റന്‍ മന്‍സൂര്‍ സാമി ശഹ്തൂത്ത്, ക്യാപ്റ്റന്‍ മുഹമ്മദ് ഖാലിദ് നൗഫല്‍, ഫസ്റ്റ് സര്‍ജന്റ് മഹ്ദി നാദിര്‍ ജാബിര്‍ എന്നിവരാണ് കൊല്ലപ്പെട്ട പോലീസുകാരെന്ന് ഗാസ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിവിലിയന്‍ പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിനെ മന്ത്രാലയം പ്രസ്താവനയില്‍ അപലപിച്ചു. ഗാസ മുനമ്പില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണിത്. സിവിലിയന്‍ സംരക്ഷണ ഏജന്‍സി എന്ന നിലയില്‍ പോലീസ് സേന അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നു. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായിലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹത്തോടും വെടിനിര്‍ത്തല്‍ കരാറിന്റെ ഉറപ്പ് നല്‍കുന്ന രാഷ്ട്രങ്ങളോടും ഗാസ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
മറ്റൊരു സംഭവത്തില്‍, വടക്കന്‍ ഗാസ മുനമ്പിലെ ബെയ്ത് ലാഹിയ ഗ്രാമത്തില്‍ വിറക് ശേഖരിക്കുന്നതിനിടെ ഫലസ്തീന്‍ യുവാവ് ഇസ്രായിലി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗാസ മുനമ്പില്‍ അനുഭവപ്പെടുന്ന കടുത്ത ഇന്ധനക്ഷാമം കാരണം നിരവധി ഗാസ നിവാസികള്‍ പാചകത്തിനായി വിറകാണ് ആശ്രയിക്കുന്നത്. ഇരു സംഭവങ്ങളെ കുറിച്ചും ഇസ്രായില്‍ സൈന്യം പ്രതികരിച്ചില്ല.
അതേസമയം, വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട പുതിയ സമീപനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തങ്ങളുടെ പ്രതിനിധി സംഘം വരും ദിവസങ്ങളില്‍ കയ്റോയിലേക്ക് പോകുമെന്ന് ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്ന സമീപനങ്ങളില്‍ എത്തിച്ചേരാന്‍ ആശയവിനിമയങ്ങള്‍ തുടരുകയാണെന്നും ഈ സമീപനങ്ങളോട് പ്രതികരിക്കാന്‍ മറ്റ് ഫലസ്തീന്‍ വിഭാഗങ്ങളുടെ പ്രതിനിധികളോടൊപ്പം ഹമാസ് പ്രതിനിധി സംഘം വരും ദിവസങ്ങളില്‍ കെയ്റോ സന്ദര്‍ശിക്കുമെന്നും ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു. ഗാസ മുനമ്പ് ഭരണത്തിന് കമ്മിറ്റി രൂപീകരിക്കല്‍, അന്താരാഷ്ട്ര സേനയെ വിന്യസിക്കല്‍, ഫലസ്തീന്‍ ആയുധങ്ങളുടെ പ്രശ്‌നം എന്നിവ അടങ്ങിയ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ്, ആദ്യ ഘട്ടത്തില്‍ സമ്മതിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കുക എന്നതാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ഹാസിം ഖാസിം വിശദീകരിച്ചു.



