തെല്‍അവീവ് – തെക്കന്‍ ലെബനോനില്‍ ഒരു പോരാളിയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഒരു ഓഫീസര്‍ക്ക് ഇടത്തരം പരിക്ക് നേരിട്ടു. മറ്റൊരു ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും നിസ്സാര പരിക്കേറ്റു. സൈനികരെ ചികിത്സക്കായി ആശുപത്രിയിലേക്ക് നീക്കി. അവരുടെ കുടുംബങ്ങളെ വിവരമറിയിച്ചതായും സൈന്യം പറഞ്ഞു. ഇന്ന് രാവിലെ, തെക്കന്‍ ലെബനോനിലെ നബതിയ അല്‍ഫൗഖ ഗ്രാമത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായിലി യുദ്ധവിമാനങ്ങള്‍ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായി നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 2 ന് ഹിസ്ബുല്ല വടക്കന്‍ ഇസ്രായിലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഇസ്രായില്‍ ലെബനോനെതിരെ യുദ്ധം തുടങ്ങിയത്. ഇസ്രായില്‍ സൈന്യം തെക്കന്‍ ലെബനോനിലെ ഏതാനും ഗ്രാമങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 16 ന് ലെബനോനും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തലിലെത്തി. ഇത് പിന്നീട് പലതവണ നീട്ടി. ഇതിനു ശേഷവും തെക്കന്‍ ലെബനോനിലെയും കിഴക്കന്‍ ലെബനോനിലെ ബെക്കാ താഴ്വരയിലെയും വിശാലമായ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ ഡ്രോണ്‍, പീരങ്കി ആക്രമണങ്ങള്‍ പുനരാരംഭിച്ചു.



