വാഷിംഗ്ടൺ : ഫിഫ ലോകകപ്പിന്റെ ആവേശകരമായ ചില ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായതോടെ പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 32) പോരാട്ടങ്ങളുടെ ചിത്രങ്ങൾ വ്യക്തമായി വരുകയാണ്. കരുത്തരായ നെതർലാൻഡ്‌സ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ ടീമുകൾ തങ്ങളുടെ ഗ്രൂപ്പുകളിൽ നിന്ന് നേരിട്ട് യോഗ്യത ഉറപ്പാക്കിയപ്പോൾ, മികച്ച മൂന്നാം സ്ഥാനക്കാരായി സ്വീഡൻ, ഇക്വഡോർ, ബോസ്‌നിയ ആൻഡ് ഹെർസഗോവിന എന്നിവരും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. അതേസമയം, മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള പരാഗ്വെയും മറ്റുടീമുകളും പ്രതീക്ഷകളുമായി കാത്തിരിപ്പിലാണ്.
ഗ്രൂപ്പ് എഫിൽ ഡച്ച് ആധിപത്യം; ജപ്പാനെ തളച്ച് സ്വീഡൻ
ഗ്രൂപ്പ് എഫിലെ അവസാന റൗണ്ട് മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി (7 പോയിന്റ്). മൂന്നാം മിനിറ്റിൽ എല്യസ് സ്ഖിരിയുടെ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ ഡച്ചുകാർക്കായി ഏഴാം മിനിറ്റിൽ ബ്രയാൻ ബ്രോബി, 62-ാം മിനിറ്റിൽ ജാൻ പോൾ വാൻ ഹെക്കെ എന്നിവർ ലക്ഷ്യം കണ്ടു. ഹസീം മസ്തൂരിയാണ് ടുണീഷ്യയുടെ ആശ്വാസ ഗോൾ നേടിയത്.
ഗ്രൂപ്പിലെ മറ്റൊരു നിർണായക മത്സരത്തിൽ ജപ്പാനും സ്വീഡനും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു (1-1). 56-ാം മിനിറ്റിൽ ഡെയ്‌സൻ മയേദയിലൂടെ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 62-ാം മിനിറ്റിൽ ആന്റണി എലാംഗയിലൂടെ സ്വീഡൻ സമനില പിടിച്ചു. ഈ സമനിലയോടെ 5 പോയിന്റുമായി ജപ്പാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32-ൽ പ്രവേശിച്ചു. 4 പോയിന്റുള്ള സ്വീഡൻ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഒന്നാമന്മാരായാണ് യോഗ്യത നേടിയത്.
ഗ്രൂപ്പ് ഡിയിൽ നാടകീയത; യു.എസും ഓസ്‌ട്രേലിയയും മുന്നോട്ട്
ഗ്രൂപ്പ് ഡിയിൽ നടന്ന അവസാന മത്സരത്തിൽ തുർക്കിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിട്ടും 6 പോയിന്റോടെ യു.എസ്.എ ഗ്രൂപ്പ് ചാമ്പ്യന്മാരായി. തുർക്കിക്കായി അർദ ഗുലർ, ഓർകുൻ കോക്ചു, കാൻ അയ്ഹാൻ എന്നിവർ ഗോളുകൾ നേടിയപ്പോൾ ഓസ്റ്റൺ ട്രസ്റ്റി, ബർഹാൽട്ടർ എന്നിവർയു.എസിനായി ലക്ഷ്യം കണ്ടു. പരാജയപ്പെട്ടെങ്കിലും ആതിഥേയർ നേരത്തെ തന്നെ റൗണ്ട് ഓഫ് 32 ഉറപ്പിച്ചിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്‌ട്രേലിയയും പരാഗ്വെയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു (0-0). ഈ സമനിലയോടെ 4 പോയിന്റും മികച്ച ഗോൾ വ്യത്യാസവുമുള്ള (0) ഓസ്‌ട്രേലിയ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്തി.
മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ പരാഗ്വെയ്ക്ക് പ്രതീക്ഷ
ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ 4 പോയിന്റോടെ സ്വീഡൻ (ഗോൾ വ്യത്യാസം: 0), ഇക്വഡോർ (ഗോൾ വ്യത്യാസം: 0), ബോസ്‌നിയ (ഗോൾ വ്യത്യാസം: -1) എന്നിവർ റൗണ്ട് ഓഫ് 32 ഉറപ്പിച്ചു കഴിഞ്ഞു. 4 പോയിന്റും -2 ഗോൾ വ്യത്യാസവുമുള്ള പരാഗ്വെ നിലവിൽ ഈ പട്ടികയിൽ നാലാം സ്ഥാനത്താണ്. മറ്റ് ഗ്രൂപ്പുകളിലെ മത്സരഫലങ്ങൾ കൂടി പുറത്തുവരുന്നതോടെ മാത്രമേ പരാഗ്വെയുടെ പ്രീ-ക്വാർട്ടർ സാധ്യതകളിൽ അന്തിമ തീരുമാനമാകൂ എങ്കിലും ടീം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല.
ബ്രസീലിന് എതിരാളികളായി ജപ്പാൻ
റൗണ്ട് ഓഫ് 32 വിലെ വാശിയേറിയ പോരാട്ടങ്ങളിൽ ചിലത് ഉറപ്പിച്ചു കഴിഞ്ഞു. നേരത്തെ തന്നെ ഗ്രൂപ്പ് എ യിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാരായ കാനഡയെ നേരിടുമെന്ന് വ്യക്തമായിരുന്നു. കൂടാതെ ഗ്രൂപ്പ് എഫിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി കയറിയ ജപ്പാന് നോക്കൗട്ടിലെ ആദ്യ കടമ്പ തന്നെ കരുത്തരായ ബ്രസീലിനെതിരെയാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ആധികാരികമായി മുന്നേറിയ ഡച്ചുകാരുടെ എതിരാളികൾ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണ്. മുൻ മത്സരങ്ങളിലെ പ്രകടനത്തോടെ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയ യു.എസ്.എയ്ക്ക്, മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ നിന്ന് കയറിവന്ന ബോസ്നിയ ആൻഡ് ഹെർസോഗോവിനയാണ് അടുത്ത റൗണ്ടിൽ എതിരാളികളായി വരുന്നത്.



