തെഹ്‌റാന്‍ – ഇറാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായി, വിദേശങ്ങളില്‍ മരവിപ്പിച്ച ഇറാന്‍ ആസ്തികളില്‍ നിന്ന് വിട്ടുകൊടുക്കുന്ന ഫണ്ടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഗായ്. മരവിപ്പിച്ച ഇറാന്‍ ഫണ്ടുകള്‍ വിട്ടുകൊടുക്കുന്നതിനെ അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതുമായി ബന്ധിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ സാധുത ബഗായ് നിഷേധിച്ചു. മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുകൊടുക്കുന്നതിന് പകരമായി അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇറാനെ നിര്‍ബന്ധിക്കുന്ന വ്യവസ്ഥയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ് എന്ന് ഇറാന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ ബാഗായ് പറഞ്ഞു.
വിട്ടുകൊടുക്കുന്ന ഫണ്ട് യു.എസ് ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് വിനിയോഗിക്കാന്‍ കരാര്‍ ഇറാനെ ബാധ്യസ്ഥമാക്കുന്നു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ കൃത്യത ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുന്നാസര്‍ ഹെമ്മത്തി നിഷേധിച്ചു. പ്രാരംഭമായി വിട്ടുകൊടുക്കുന്ന 12 ബില്യണ്‍ ഡോളര്‍ അവശ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ ഉപയോഗിക്കും. ഇത് ഇറാന്റെ പതിവ് ഫണ്ടുകള്‍ മറ്റ് കാര്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ അനുവദിക്കുമെന്നും ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
വിട്ടുകൊടുക്കുന്ന ഇറാന്‍ ആസ്തികള്‍ അമേരിക്കയില്‍ നിന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങളും മരുന്നും വാങ്ങുന്നതിന് മാത്രമായി ഉപയോഗിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച ആവര്‍ത്തിച്ചു. യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വിട്ടുകൊടുക്കുന്നതോ ഉപരോധങ്ങള്‍ പ്രകാരം സ്വീകരിക്കുന്നതോ ആയ ഇറാന്‍ ഫണ്ടുകള്‍ യു.എസ് നിയന്ത്രിത എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ തുക അമേരിക്കയില്‍ നിന്ന് ധാന്യം, ഗോതമ്പ്, സോയാബീന്‍ എന്നിവയുള്‍പ്പെടെ ഭക്ഷണവും മരുന്നും വാങ്ങുന്നതിന് മാത്രമായി ഉപയോഗിക്കുമെന്ന് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ ട്രംപ് എഴുതി. തിങ്കളാഴ്ചയും ട്രംപ് ഇതേ ആശയം സൂചിപ്പിച്ചിരുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇക്കാര്യം സ്ഥിരീകരിച്ചു.
അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ നിന്ന് ഇറാനെ ഒഴിവാക്കാനും വിദേശത്ത് മരവിപ്പിച്ച ചില ആസ്തികള്‍ വിട്ടുകൊടുക്കാനും ജൂണ്‍ 18 ന് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഒപ്പുവെച്ച ധാരണാപത്രത്തിലെ 14 വകുപ്പുകളില്‍ ഒന്ന് വ്യവസ്ഥ ചെയ്യുന്നു. ചര്‍ച്ചകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ അസംസ്‌കൃത എണ്ണയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പാദനം, വില്‍പ്പന, വിതരണം എന്നിവക്കുള്ള ഉപരോധങ്ങള്‍ ഓഗസ്റ്റ് 21 വരെ താല്‍ക്കാലികമായി നീക്കുമെന്ന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് തിങ്കളാഴ്ച അറിയിച്ചു.



