റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശികളും വിദേശികളുമായി 13 ദശലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹി വ്യക്തമാക്കി. തൊഴില്‍ മേഖലയിലെ സുരക്ഷയെ കുറിച്ച് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് നിലവില്‍ എട്ട് ഭാഷകളില്‍ യോഗ്യതയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ഈ സേവനം 40 ഭാഷകളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
ആറാമത് തൊഴില്‍ സുരക്ഷ, ആരോഗ്യ അന്താരാഷ്ട്ര സമ്മേളനം റിയാദില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴില്‍ സുരക്ഷയില്‍ മുന്‍വര്‍ഷങ്ങള്‍ രാജ്യം വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്.
സൗദിയില്‍ 12 ലക്ഷം സ്ഥാപനങ്ങളാണുള്ളത്. ഇവയില്‍ തൊഴില്‍സുരക്ഷ 7.30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം തൊഴില്‍ സുരക്ഷയുള്ള രാജ്യമായി സൗദി വളരുകയാണ്. ഇതിനായി ബഹുമുഖ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തൊഴില്‍ സുരക്ഷക്കും ആരോഗ്യത്തിനുമുളഅള ദേശീയ സ്ട്രാറ്റജിക് പ്രോഗ്രാം ആരംഭിച്ചു.
തൊഴില്‍ അപകടങ്ങളുടെ തോത് ഒരു ലക്ഷം തൊഴിലാളികള്‍ക്ക് 416 എന്നതില്‍ നിന്ന് 100,000 തൊഴിലാളികള്‍ക്ക് 288 ആയി കുറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇത് 30.7% എന്ന നിരക്കിലെത്തി. തൊഴില്‍ സുരക്ഷ, ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ എണ്ണം 24,000 ആയി. 2025 ആകുമ്പോഴേക്കും ഇവരുടെ എണ്ണം 44800 ആയി ഉയരും. മന്ത്രി പറഞ്ഞു.