ദുബായ്: കെഎംസിസി വനിതാ വിങ് സ്റ്റേറ്റ് കമ്മിറ്റിയും ആസ്റ്റർ ഹോസ്പിറ്റലും ചേർന്ന് വനിതകൾക്കും കൗമാരപ്രായക്കാർക്കുമായി ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ ശീലങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. അന്താരാഷ്ട്ര ആർത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ചു നടത്തിയ ഈ പരിപാടിയിൽ ഇതിനെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും, വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും, ആർത്തവ സമയത്തു വരുന്ന ആരോഗ്യ പ്രശ്നങ്ങൾ, ഉപയോഗിച്ച് വരുന്ന ആരോഗ്യകരമായ ഉപാധികൾ എന്നിവയെ കുറിച്ച് ദുബായ് മുഹൈസിന ആസ്റ്റർ ഹോസ്പിറ്റലിലെ ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജൻ ഡോ. അനീഷ ഫാത്തിമ ടി.സ് മുഖ്യ പ്രഭാഷണം നടത്തി. ആസ്റ്റർ ജനറൽ മാനേജർ സിറാജുദ്ദിൻ മുസ്തഫ ഉദ്ഘാടനം ചെയ്തു.
ആർത്തവ സമയത്തുണ്ടാകുന്ന മാനസിക പിരിമുറുക്കം,അവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെ കുറിച്ച് ന്യൂറോളജിസ്‌റ് ഡോ. ഉമ്മുൽഖിറം ആണ് ബോധവത്കരണം നടത്തിയത്. സംസ്ഥാന കെഎംസിസി വനിതാ വിങ് സാരഥികളായ സഫിയ മൊയ്‌ദീൻ, റീന സലിം, നജ്മ സാജിദ്, നാസിയ ഷബീർ, സറീന ഇസ്മായിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വളർന്നു വരുന്ന പെണ്കുട്ടികൾക്കുണ്ടാവുന്ന ആർത്തവ സംബന്ധമായ സംശയങ്ങൾക്കുള്ള നിവാരണവും ബോധവൽക്കരണത്തിന്റെ ഭാഗമായി നടന്നു. ദുബായ് കെഎംസിസി സ്റ്റേറ്റ് – ജില്ലാ കമ്മിറ്റി അംഗങ്ങളോടൊപ്പം ആസ്റ്റർ പ്രതിനിധികളായ രതീഷ്, റിയാസ്, ഹാബിൽ, ഷിയാസ്, ഹഫ്‌സത് ഷമീർ എന്നിവർ പങ്കെടുത്തു. നജഫ്, സില, റസീന ഹൈദർ എന്നിവരാണ് ബോധവൽക്കരണത്തിനാവശ്യമായ ഏകോപനം നടത്തിയത്. കൗമാരക്കാർക്ക് ഇത്തരത്തിലുള്ള ബോധവത്കരണ ക്ലാസുകൾ ഏറെ ഉപകാരപ്രദമാണെന്ന് പങ്കെടുത്ത കുട്ടികൾ അഭിപ്രായപ്പെട്ടു.



