ഷാര്‍ജ – ലോകത്തിലെ ഏറ്റവും വിലയേറിയ സ്വര്‍ണ്ണ വസ്ത്രമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അംഗീകരിച്ച, 50 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണ്ണ വസ്ത്രം ഷാര്‍ജയില്‍ നടക്കുന്ന വാച്ച് ആന്റ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോ 2026 ല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. റെക്കോര്‍ഡ് ഭേദിച്ച സൃഷ്ടി നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്. ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന എക്‌സിബിഷനില്‍ അല്‍റുമൈസാന്‍ ഗോള്‍ഡ് ആന്റ് ജ്വല്ലറി പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം, ആദ്യമായാണ് പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്.
10 കിലോഗ്രാമിലധികം 21 കാരറ്റ് ശുദ്ധമായ സ്വര്‍ണ്ണത്തില്‍ നിന്നാണ് വസ്ത്രത്തിന്റെ നിർമാണം. ഇന്ന് അവസാനിക്കുന്ന എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉയര്‍ന്ന മൂല്യമുള്ള പ്രദര്‍ശനവസ്തുക്കളില്‍ ഒന്നാണിത്. അമൂല്യവസ്തുക്കള്‍ ശേഖരിക്കുന്നവരെയും ആഡംബര ഉപഭോക്താക്കളെയും ലക്ഷ്യം വെച്ചുള്ള എക്‌സ്‌ക്ലൂസീവ് ശേഖരങ്ങള്‍, അപൂര്‍വ ആഭരണങ്ങള്‍, പുതിയ ഡിസൈനുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ ആഭരണ ബ്രാന്‍ഡുകളെ എക്‌സിബിഷനിലുണ്ട്. മറ്റ് പ്രദര്‍ശകര്‍ നിരവധി സ്റ്റേറ്റ്‌മെന്റ് സൃഷ്ടികളും ലിമിറ്റഡ് എഡിഷന്‍ ശേഖരങ്ങളും അനാച്ഛാദനം ചെയ്തിട്ടുണ്ട്. എമിറാത്തി ഡിസൈനര്‍ ശമ്മ അല്‍ഹല്ലാമിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഔറ മൂസ ശേഖരവും, ശൈഖ ഹിന്ദ് ശേഖരത്തിലെ 500 ലധികം പുതിയ വജ്ര ഡിസൈനുകളും ആഭരണങ്ങളും സാലിം ശുഐബി ജ്വല്ലറി അവതരിപ്പിക്കുന്നു. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെയും ലാന്‍ഡ്മാര്‍ക്കുകള്‍ ഒരൊറ്റ ഡിസൈനില്‍ ഉള്‍ക്കൊള്ളുന്ന യൂണിയന്‍ ഫ്രെയിം, യു.എ.ഇയുടെ ആഭരണ മേഖലയുടെ കരകൗശല വൈദഗ്ധ്യം എടുത്തുകാണിക്കുന്ന അലങ്കാര വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകൃത സൃഷ്ടികള്‍ അല്‍അര്‍ബിയ ജ്വല്ലറിയിൽ കാണാം.
18 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതും പ്രകൃതിദത്ത വജ്രങ്ങള്‍, മാണിക്യങ്ങള്‍, മരതകങ്ങള്‍, നീലക്കല്ലുകള്‍ എന്നിവ ഉപയോഗിച്ച് അലങ്കരിച്ചതുമായ ജനപ്രിയ പാം ശേഖരം ഉള്‍പ്പെടെ, വജ്രവും രത്‌നവും പതിച്ച ഡിസൈനുകളുടെ വലിയ ശേഖരം ജൗഹറ ജ്വല്ലറി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോ ഡിസൈനില്‍ നിന്നും ഒരു പീസ് മാത്രം നിര്‍മ്മിക്കുന്ന എക്‌സ്‌ക്ലൂസീവ് പേള്‍ ആഭരണങ്ങളും ബ്രൈഡല്‍ ഡയമണ്ട് സെറ്റുകളും കമ്പനി അവതരിപ്പിക്കുന്നു. യു.എ.ഇയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് സന്ദര്‍ശകരെ എക്‌സിബിഷന്‍ ആകര്‍ഷിക്കുന്നു. സ്വര്‍ണ്ണം, വജ്രങ്ങള്‍, വിലയേറിയ കല്ലുകള്‍, ആഡംബര വാച്ചുകള്‍ എന്നിവയുടെ ഏറ്റവും പുതിയ ശേഖരങ്ങള്‍, അപൂര്‍വ കലാസൃഷ്ടികള്‍, ചില പ്രമുഖ കമ്പനികളുടെ ലിമിറ്റഡ് എഡിഷന്‍ ഉല്‍പന്നങ്ങള്‍ എന്നിവ എക്‌സിബിഷനിലുണ്ട്.



