ലഖ്നൗ: സീസണിലുടനീളം താളം കണ്ടെത്താനാകാതെ ഉഴറിനടന്ന ഋഷഭ് പന്ത് സര്‍വവീര്യവും പുറത്തെടുത്ത് നിറഞ്ഞാടിയ മത്സരം. എന്നാല്‍, ബംഗളൂരു നായകന് ജിതേഷ് ശര്‍മയുടേതായിരുന്നു അവസാനത്തെ ചിരി. ലഖ്നൗവിനെ ആറു വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് പ്ലേഓഫില്‍ നിര്‍ണായകമായ ആദ്യ രണ്ടില്‍ ഇടമുറപ്പിച്ചു. ജിതേഷിന്റെ വെടിക്കെട്ട് ഇന്നിങ്സും(85) വിരാട് കോഹ്ലിയുടെ ഫിഫ്റ്റിയും(54) ആണ് ലഖ്നൗ ഉയര്‍ത്തിയ 228 എന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ബംഗളൂരുവിനെ സഹായിച്ചത്. എതിര് നായകന്റെ ബാറ്റിങ് വിസ്ഫോടനത്തില്‍ പന്തിന്റെ കിടിലന്‍ സസെഞ്ച്വറി(118) പാഴായി.
നേരത്തെ, ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ബംഗളൂരു മൂന്നാം ഓവറില്‍ തന്നെ അരങ്ങേറ്റക്കാരന്‍ മാത്യൂ ബ്രീറ്റ്സ്കെയെ പുറത്താക്കി. എന്നാല്‍, പിന്നീട് ബംഗളൂരു ബൗളര്‍മാര്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. മിച്ചല്‍ മാര്‍ഷും ഋഷഭ് പന്തും ചേര്‍ന്ന് ബൗളര്‍മാരെ തുടര്‍ച്ചയായി ബൗണ്ടറിയിലേക്കും ഗാലറിയിലേക്കും പറത്തി.
ഒടുവില്‍ 16-ാം ഓവറിലാണ് ലഖ്നൗവിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിക്കാന്‍ സന്ദര്ശകര്ക്കായത്. വെറ്ററന്‍ താരം ഭുവനേശ്വര്‍ കുമാറാണ് ടീമിന് ബ്രേക്ത്രൂ സമ്മാനിച്ചത്. ഔട്ട്സൈഡ് എഡ്ജായി വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്കു ക്യാച്ച് നല്കി മടങ്ങുമ്പോള്‍ 37 പന്തില്‍ 67 റണ്‍സെടുത്തിരുന്നു മാര്‍ഷ്. അഞ്ച് സിക്സറും നാല് ബൗണ്ടറിയും ആ ഇന്നിങ്സിനു മിഴിവേകി.
മാര്‍ഷ് പുറത്തായ ശേഷവും പന്ത് ആക്രമണം തുടര്‍ന്നു. ബംഗളൂരു ബൗളര്‍മാരെ നിലത്തു നിര്‍ത്താതെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഒടുവില്‍ സീസണിലെ ആദ്യ സെഞ്ച്വറിയും കുറിച്ചു താരം. 54 പന്തിലായിരുന്നു ഐ.പി.എല്‍ കരിയറിലെ രണ്ടാമത്തെ സെഞ്ച്വറി കുറിച്ചത്. ശതകം പിന്നിട്ട ശേഷവും പന്തിനെ പിടിച്ചുകെട്ടാന്‍ ബംഗളൂരുവിനായില്ല. 61 പന്ത് നേരിട്ട് 11 ബൗണ്ടറിയും എട്ട് സിക്സറും സഹിതമാണ് പന്ത് 118 റണ്‍സുമായി പുറത്താകാതെ നിന്നത്.
228 എന്ന വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗളൂരുവിന് ഗംഭീര തുടക്കമാണ് ഓപണര്‍മാര്‍ നല്‍കിയത്. ഫില്‍ സാള്‍ട്ടിന്റെ(19 പന്തില്‍ 30) വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ 66 റണ്‍സാണ് പവര്‍പ്ലേയില്‍ ബംഗളൂരു അടിച്ചെടുത്തത്. ആകാശ് സിങ് സിങ്ങിന്റെ 147 സ്പീഡിലെത്തിയ പന്ത് ആഞ്ഞടിക്കാനുള്ള സാള്‍ട്ടിന്റെ ശ്രമം എക്സ്ട്രാ കവറില്‍ ദിഗ്വേഷ് റാഠിയുടെ കൈകളില്‍ അവസാനിച്ചു.
തുടര്‍ന്നങ്ങോട്ട് കോഹ്ലി ബാറ്റണ്‍ ഏറ്റെടുത്ത് ചേസിങ് മുന്നോട്ടുനയിച്ചു.
എന്നാല്‍, അര്‍ധസെഞ്ച്വറിക്കു പിന്നാലെ കോഹ്ലിയും വീണു. 30 പന്തില്‍ 54 റണ്‍സെടുത്ത് ആവേശ് ഖാന് വിക്കറ്റ് നല്കി കോഹ്ലി മടങ്ങുമ്പോള്‍ നാലിന് 123 എന്ന നിലയിലായിരുന്നു ബംഗളൂരു. ലഖ്നൗ മത്സരം തിരിച്ചുപിടിച്ച ആശ്വാസത്തിലായിരുന്നു. എന്നാല്‍, പിന്നീടായിരുന്നു മത്സരത്തിലെ ട്വിസ്റ്റ് കിടന്നിരുന്നത്. ബംഗളൂരുവിന്റെ താല്‍ക്കാലിക നായകന് ജിതേഷ് ശര്‍മയുടെ സംഹാരതാണ്ഡവമായിരുന്നു പിന്നീട് ഏകന സ്റ്റേഡിയത്തില്‍ കണ്ടത്. ലഖ്നൗ ബൗളര്‍മാരെ തുടരെ ഗാലറിയിക്ക് പായിച്ച് ടീമിനെ വിജയത്തിലേക്കു നയിച്ചു ജിതേഷ്. ഉറച്ച പിന്തുണയുമായി മറ്റൊരറ്റത്ത് മായങ്ക് അഗര്‍വാളും ഉറച്ചുനിന്നു.
ഒടുവില്‍ ആയുഷ് ബദോനിയുടെ പന്ത് സ്ക്വയര്‍ ലെഗിലൂടെ ഗാലറിയിലേക്ക് പറത്തി ജിതേഷ് തന്നെ വിജയറണ്‍ കുറിച്ചു. 33 പന്ത് നേരിട്ട് എട്ട് ബൗണ്ടറിയും ആറ് സിക്സറും പറത്തിയാണ് താരം 85 റണ്‍സെടുത്തത്. മായങ്ക് 23 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 41 റണ്‍സെടുത്തും പുറത്താകാതെ നിന്നു.