മിന – ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഹജിനിടെ ഒരുവിധ പ്രശ്‌നങ്ങളും കുഴപ്പങ്ങളുമുണ്ടാക്കില്ലെന്ന് സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി രിദ ഇനായത്തി പറഞ്ഞു. ഇത്തവണ ഇറാനില്‍ നിന്ന് 90,000 ഓളം ഹാജിമാരാണ് എത്തിയിരിക്കുന്നത്. എട്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇറാനില്‍ നിന്ന് ഹാജിമാരെത്തുന്നത്. അറഫയില്‍ പ്രത്യേക പ്രാര്‍ഥന നിര്‍വഹിക്കാന്‍ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇ ഇറാന്‍ തീര്‍ഥാടകരോട് ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
തങ്ങളുടെ താമസസ്ഥലങ്ങളില്‍ വെച്ച് ഇത്തരം പ്രാര്‍ഥനകള്‍ നടത്തുന്നതിന് ഇറാന്‍ തീര്‍ഥാടകര്‍ക്ക് വിലക്കില്ല. എന്നാല്‍ പരമോന്നത ആത്മീയ നേതാവിന്റെ നിര്‍ദേശത്തില്‍ ആവേശം പൂണ്ട് ഇറാന്‍ തീര്‍ഥാടകരില്‍ ചിലര്‍ ഹജിനിടെ കുഴപ്പങ്ങളുണ്ടാക്കിയേക്കാമെന്ന് ഭീതി ഉടലെടുത്തിരുന്നു.
ഹജ് തീര്‍ഥാടകരുടെ സുരക്ഷക്ക് ഭംഗം വരുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും ഇത്തരക്കാരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് തങ്ങളുടെ ഹാജിമാര്‍ ഒരുവിധ പ്രശ്‌നങ്ങളും കുഴപ്പങ്ങളുമുണ്ടാക്കില്ലെന്ന് ഇറാന്‍ അംബാസഡര്‍ വ്യക്തമാക്കിയത്. ഏറ്റവും അച്ചടക്കമുള്ള തീര്‍ഥാടകരാകും ഇറാനികളെന്നും ഇവര്‍ ഇറാനില്‍ വെച്ച് ആരോഗ്യ, സാംസ്‌കാരിക, മതബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അലി രിദ ഇനായത്തി പറഞ്ഞു.
ഓരോ ഹജ് സീസണും ഞങ്ങള്‍ക്ക് പ്രധാനമാണെന്ന് പൊതുസുരക്ഷാ വകുപ്പിനു കീഴില്‍ മിനായില്‍ പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. ഹജിന്റെ പ്രാധാന്യം പോലെ അതേ തലത്തിലുള്ള പ്രൊഫഷനിലസത്തോടെ ഞങ്ങള്‍ അതിനെ കൈകാര്യം ചെയ്യുന്നു. എല്ലായ്‌പ്പോഴും ഏറ്റവും മികച്ചതാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഏറ്റവും മോശമായ കാര്യങ്ങള്‍ നേരിടാന്‍ ഞങ്ങള്‍ തയാറാണ്. തീര്‍ഥാടകരുടെ സമാധാനത്തിന് ഭംഗംവരുത്തുന്ന യാതൊന്നും ഇത്തവണത്തെ ഹജിന് കൈകാര്യം ചെയ്യേണ്ടിവരില്ല എന്നാണ് കരുതുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി, ചെച്‌നിയന്‍ പ്രസിഡന്റ് റമദാന്‍ ഖദീറോവ് എന്നിവര്‍ ഇത്തവണ ഹജ് നിര്‍വഹിക്കുന്നുണ്ട്. 150 രാജ്യങ്ങളില്‍ നിന്നുള്ള 2,000 മാധ്യമപ്രവര്‍ത്തകര്‍ ഹജ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.