കോഴിക്കോട്: തിക്കോടി കല്ലകത്തു ബീച്ചില്‍ മുന്നറിയിപ്പ് വകവെക്കാതെ കടലില്‍ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ നാലു പേര്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളായ അനീസ (38), വാണി (39), വിനീഷ് (45), ഫൈസല്‍ (42) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ജിന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയില്‍ നിന്നുമെത്തിയ 25 അംഗ വിനോദ യാത്രാ സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. നാലു പേരും തിരയില്‍പ്പെട്ട് ഒലിച്ചു പോകുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ മൂന്ന് പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാലാമത്തെയാളെ ഒരു മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്.
ഇവരോട് കടലില്‍ ഇറങ്ങരുതെന്നും അപകട സാധ്യതയുണ്ടെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ആഴവും അടിയൊഴുക്കും ഉള്ളതിനാല്‍ ഈ ബീച്ചില്‍ ആരും കടലില്‍ ഇറങ്ങാറില്ല. മരിച്ച മൂന്ന് പേരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളുടേത് സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു.