ജിദ്ദ: മഹ്‌റമില്ലാതെ പരിശുദ്ധ ഹജിനെത്തുന്ന സ്ത്രീകൾക്ക് പുണ്യ ഭൂമിയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വനിതാ വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കുമെന്ന് ജിദ്ദ കെഎംസിസി വനിതാ വിംഗ് നേതാക്കൾ അറിയിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഹജ് സെല്ലിന് കീഴിൽ ഹജ് വളണ്ടിയർ മാരായി 100 ലധികം വനിതാ കെഎംസിസി വളണ്ടിയർമാർക്കുള്ള പരിശീലന ക്യാമ്പ് പ്രമുഖ പണ്ഡിതനും മോട്ടിവേഷണൽ സ്‌പീക്കറുമായ ഡോക്ടർ സുബൈർ ഹുദവി ഉദ്ഘാടനം ചെയ്‌തു.
വളരെ പ്രയാസകരമായ ഹജ് കർമ്മങ്ങളിൽ ആൺ തുണയില്ലാതെ വരുന്ന സ്ത്രീകൾക്ക് വനിതാ വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കാൻ മുന്നോട്ട് വന്ന ജിദ്ദ കെഎംസിസി വനിതാ വിംഗിനെ അദ്ദേഹം അഭിനന്ദിച്ചു. മറ്റൊരാളുടെ പ്രയാസങ്ങളിൽ പങ്കു ചേരുന്നതിന്റെയും അവർക്ക് വേണ്ട സേവനം ചെയ്യുന്നതിന്റെയും പ്രാധാന്യവും ഇസ്ലാമിക മാനങ്ങളും അദ്ദേഹം വിശദീകരിച്ചു.
വനിതാ കെഎംസിസി പ്രസിഡണ്ട് മുംതാസ് ടീച്ചർ അധ്യക്ഷത വഹിച്ചു. വളണ്ടിയർ പരിശീലന ക്യാമ്പിനു ജിദ്ദ കെഎംസിസി ആക്ടിങ് പ്രസിഡണ്ട് റസാഖ് മാസ്റ്റർ, സെക്രട്ടറി വി.പി. മുസ്തഫ, വനിതാ വിംഗ് സെക്രട്ടറി ഷമീല മൂസ, ട്രഷറർ ഖദീജത്തുൽ കുബ്ര എന്നിവർ പ്രസംഗിച്ചു.
നാഷണൽ ഹജ്ജ് സെൽ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം, ജിദ്ദ കെഎംസിസി ഹജ് സെൽ വൈസ് ക്യാപ്റ്റൻ നിസാർ മടവൂർ, ഹജ് സെൽ കോർഡിനേറ്റർമാരായ അഫ്സൽ നാറാണത്ത്, ഫൈറൂസ് കൊണ്ടോട്ടി എന്നിവർ വിവിധ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.
കെ.എം.സി.സിയുടെ നേതൃത്വത്തിൽ വിപുലമായ വളണ്ടിയർ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മക്കയിൽ മുഴുവൻ മേഖലകളിലും കെ.എം.സി.സി ഒരുക്കിയ വളണ്ടിയർമാർ സദാസമയവും സേവനസന്നദ്ധരായുണ്ട്. പരിചയസമ്പന്നരായ വനിതാ വളണ്ടിയർമാർ വനിത തീർത്ഥാടകർക്ക് ഏറെ ആശ്വാസകരമാകും.