മക്ക – മദീനയിലെ ആശുപത്രികളില്‍ അഡ്മിറ്റിലായിരുന്ന ഹജ് തീര്‍ഥാടകരെ ആരോഗ്യ മന്ത്രാലയം ഒരുക്കിയ ആംബുലന്‍സുകളില്‍ അറഫയിലെ ജബലുറഹ്മ ആശുപത്രിയിലെത്തിച്ചു. ചികിത്സ പൂര്‍ത്തിയാക്കാനും ഹജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കാനും വേണ്ടിയാണ് 12 രാജ്യങ്ങളില്‍ നിന്നുള്ള 18 തീര്‍ഥാടകരെ ഇന്ന് പുലര്‍ച്ചെ മദീനയില്‍ നിന്ന് ആംബുലന്‍സുകളില്‍ മക്കയിലേക്ക് നീക്കിയത്.
എല്ലാവിധ മെഡിക്കല്‍ സജ്ജീകരണങ്ങളുമുള്ള 31 ആംബുലന്‍സുകളും തീവ്രപരിചരണത്തിനുള്ള രണ്ടു ആംബുലന്‍സുകളും നാലു സപ്പോര്‍ട്ട് ആംബുലന്‍സ് യൂനിറ്റുകളും ഓക്സിജന്‍ കാബിനും മൊബൈല്‍ ആംബുലന്‍സ് വര്‍ക്ക്ഷോപ്പും രോഗികളുടെ ബന്ധുക്കള്‍ക്ക് യാത്ര ചെയ്യാനുള്ള ബസും അടങ്ങിയ വാഹനവ്യൂഹമാണ് രോഗികളായ ഹാജിമാരെ മദീനയില്‍ നിന്ന് മക്കയിലെത്തിക്കാന്‍ ഉപയോഗിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും അടക്കം 133 ആരോഗ്യ പ്രവര്‍ത്തകരും ഇവരെ അനുഗമിച്ചു. ഹജ് കര്‍മം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിന് മദീന ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഹാജിമാരെ എല്ലാ വര്‍ഷവും ഹജിന് തൊട്ടു മുമ്പായി ആരോഗ്യ മന്ത്രാലയം പുണ്യസ്ഥലങ്ങളിലെത്തിക്കാറുണ്ട്.