മക്ക – പുത്തന്‍ പുടവയണിഞ്ഞ് അലംകൃതയായി വിശുദ്ധ കഅ്ബാലയം. കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സില്‍ നിന്നുള്ള 159 വിദഗ്ധര്‍ ചേര്‍ന്നാണ് വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചത്. പഴയ കിസ്‌വയുടെ കെട്ടുകള്‍ അഴിച്ച ശേഷം കഅ്ബാലയത്തെ പുതിയ പുടവ അണിയിക്കുകയും ഇതോടൊപ്പം പഴയ കിസ്‌വ താഴ്ത്തുകയുമായിരുന്നു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ നിര്‍മാണ കോംപ്ലക്‌സില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍ നാലു ഘട്ടങ്ങളായി പുതിയ കിസ്‌വ ഹറമില്‍ മതാഫിലെത്തിച്ചത്. വൈകാതെ കിസ്‌വ മാറ്റ ചടങ്ങുകള്‍ക്ക് തുടക്കമായി. ഇന്ന് പുലര്‍ച്ചെയോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.

1,350 കിലോയോളം തൂക്കവും 14 മീറ്റര്‍ ഉയരവുമുള്ള കിസ്‌വ നാലു കഷ്ണങ്ങള്‍ അടങ്ങിയതാണ്. അഞ്ചാമത് ഒരു ഭാഗം കൂടിയുണ്ട്. ഇത് വിശുദ്ധ കഅ്ബാലയത്തിന്റെ കവാടത്തിനു മുകളില്‍ തൂക്കുന്ന കര്‍ട്ടന്‍ ആണ്. കര്‍ട്ടന് 6.35 മീറ്റര്‍ ഉയരവും 3.33 മീറ്റര്‍ വീതിയുമുണ്ട്. ഇതില്‍ ഓരോ കഷ്ണവും കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തും തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയായിരുന്നു. ഒരു കിസ്‌വ നിര്‍മിക്കാന്‍ രണ്ടര കോടിയിലേറെ റിയാല്‍ ചെലവ് വരുന്നുണ്ട്.

ഹറംകാര്യ വകുപ്പിനു കീഴില്‍ ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ നിര്‍മാണ കോംപ്ലക്‌സിലാണ് കിസ്‌വ നിര്‍മിക്കുന്നത്. ഇവിടെ വ്യത്യസ്ത വിഭാഗങ്ങളിലായി 200 ലേറെ സ്വദേശികള്‍ ജോലി ചെയ്യുന്നു. ആയിരം കിലോയോളം പട്ടുനൂലും 120 കിലോ സ്വര്‍ണ നൂലും 100 കിലോ വെള്ളി നൂലും ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ തയ്യല്‍ മെഷീനുള്ളത് കിസ്‌വ കോംപ്ലക്‌സിലാണ്. കംപ്യൂട്ടര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ മെഷീന് 16 മീറ്റര്‍ നീളമുണ്ട്.

14 മീറ്റര്‍ ഉയരമുള്ള കിസ്‌വയുടെ മുകളില്‍ നിന്ന് മൂന്നിലൊന്ന് താഴ്ചയില്‍ 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. 47 മീറ്റര്‍ നീളമുള്ള ബെല്‍റ്റ് ചതുരാകൃതിയിലുള്ള 16 കഷ്ണങ്ങള്‍ അടങ്ങിയതാണ്. മുന്‍ വര്‍ഷങ്ങളില്‍ ദുല്‍ഹജ് ഒന്നിന് കിസ്‌വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ് ഒമ്പതിന് പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുകമായിരുന്നു പതിവ്. 2022 മുതല്‍ കിസ്‌വ മാറ്റ ചടങ്ങ് മുഹറം ഒന്നിന് നടത്താന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുകയായിരുന്നു. വിശുദ്ധ കഅ്ബാലയത്തിന്റെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യത്തെ കിസ്‌വ മാറ്റല്‍ ചടങ്ങാണ് ഇന്ന് പൂര്‍ത്തിയായത്. കഴിഞ്ഞ മാസം 25 ന് ആണ് വിശുദ്ധ കഅ്ബാലയത്തിന്റെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിയെ തെരഞ്ഞെടുത്തത്.