അറാർ: സൗദി അറേബ്യയിലെ അറാറിൽ വാഹനാപകടത്തിൽ മരിച്ച ഹൈദരാബാദ് സ്വദേശി നെർസ റെഡ്ഢി(52) യുടെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തികരിച്ച് അറാർ പ്രവാസി സംഘം നാട്ടിൻ എത്തിച്ചു അപകടത്തെ തുടർന്ന് അറാർ മെഡിക്കൽ ടവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ പത്ത് വർഷമായി അറാറിലെ ബലദിയ (മുന്സിപാലിറ്റി )യിൽ നഗര സൗന്ദര്യ വല്ക്കരണ വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്ന നർസ റെഡ്ഢി മൻസൂരിയ ഭാഗത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ കഴിഞ്ഞ വർഷം സെപ്തംബർ 16നാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. ഏപ്രിൽ ആറിനാണ് റെഡ്ഢി മരിച്ചത്. റെഡ്ഢിയെ ഇടിച്ചിട്ട വാഹനം ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തികരിക്കുന്നതിന് നേതൃത്വം നൽകിയ അറാർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടും ലോക കേരള സഭ അംഗവുമായ സക്കീർ താമരത്ത് ഏറ്റു വാങ്ങി അറാർ എയർ പോർട്ടിൽ എത്തിച്ചു. അറാർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം അയൂബ് തിരുവല്ല ,ജനറൽ സെക്രട്ടറി ഷാജി ആലുവ നർസ റെഡിയുടെ സുഹൃത്തുക്കളും നാട്ടുകാരും കൂടെ ഉണ്ടായിരുന്നു. അറാറിൽനിന്നും സൗദി എയർ ലൈൻസ് വിമാനത്തിൽ റിയാദിൽ എത്തിച്ച മൃതദേഹം റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഹൈദരാബാദിൽ എത്തിച്ചു. മൃതദേഹം തെംബരപേട്ട സ്മശാനത്തിൽ സംസ്കരിച്ചു.
നെർസ റെഡ്ഢി മരണപ്പെട്ട് പത്താം നാൾ അമ്മ ഹാൻമക്ക ഹൃദയാഘാതം മൂലം മരിച്ചിരുന്നു. രാജ റെഡിയാണ് പിതാവ്. ഭാര്യ- ലത. മകൾ- നവ്യ.