ജിദ്ദ: ജോലി തേടിയെത്തി ദുരിതം പേറി പ്രയാസത്തിലായ യുവാവ് ഒടുവിൽ കെ.എം.സി.സിയുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു. മലപ്പുറം മമ്പാട് വടപുറം പാലക്കപ്പളളിയാളി സിറാജിനാണ് കെ.എം.സി.സി തുണയായത്. പതിനാലു മാസം മുമ്പാണ് സിറാജ് മക്കയിൽ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയത്. നേരത്തെ ദുബായിയിൽ കമ്പനി ജീവനക്കാരനായി ജോലി ചെയ്തിരുന്ന സിറാജ് കൂടുതൽ മെച്ചപ്പെട്ട ജീവിതാവസരത്തിന് വേണ്ടിയായിരുന്നു സൗദി അറേബ്യയിലേക്ക് എത്തിയത്.
എന്നാൽ ശമ്പളമോ മറ്റാനുകൂല്യമോ ലഭിക്കാതെ സിറാജ് ഏറെ പ്രയാസത്തിലാകുകയും ചെയ്തു. ഭക്ഷണം പോലും കഴിക്കാൻ വഴിയില്ലാതെ വിഷമിച്ച സിറാജിന് ജിദ്ദ കെ.എം.സി.സി ഒടുവിൽ രക്ഷകരായി എത്തി. ഇന്ന് (മെയ്-13) ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ സിറാജ് യാത്ര തിരിച്ചു.
സിറാജിനുള്ള വിമാന ടിക്കറ്റ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ കൈമാറി. സൗദി നാഷണൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് നിസാം മമ്പാട്, മുസ്തഫ (ഡീമ സൂപ്പർമാർക്കറ്റ്) ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് അംഗം ഹാരിസ് ബാബു മമ്പാട് എന്നിവരും സന്നിഹിതരായിരുന്നു.