തെൽഅവീവ്: ഇന്ന് പുലർച്ചെ ഹൂത്തി മിലീഷ്യകൾ യെമനിൽ നിന്ന് ഇസ്രായിലിലേക്ക് തൊടുത്ത മിസൈൽ തകർത്തതായി ഇസ്രായിൽ സൈന്യം അറിയിച്ചു. യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈലിനെ ആരോ വ്യോമ പ്രതിരോധ സംവിധാനം തടയുകയായിരുന്നെന്ന് ഇസ്രായിലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
മിസൈൽ ആക്രമണം ബെൻ ഗുരിയോൺ വിമാനത്താവളം അടച്ചുപൂട്ടാൻ കാരണമായി. മിസൈൽ തൊടുത്തുവിട്ടതിനെ തുടർന്ന് അഭയകേന്ദ്രത്തിലേക്ക് പോകുന്നതിനിടെ ഒരു ഇസ്രായിലിക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലൻസ് സർവീസ് റിപ്പോർട്ട് ചെയ്തു.
മധ്യഇസ്രായേലിലെ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങാൻ മിസൈൽ കാരണമായതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഹൂത്തികൾക്കെതിരെ ഇസ്രായിൽ പ്രതികാര ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. മെയ് ആറിന് സൻആ അന്താരാഷ്ട്ര വിമാനത്താവളവും കഴിഞ്ഞയാഴ്ച ചെങ്കടൽ തീരത്തെ ഹുദൈദ, സലീഫ് തുറമുഖങ്ങളും ലക്ഷ്യമിട്ട് ഇസ്രായിൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.
ഇസ്രായിലി ആക്രമണങ്ങൾക്കിടയിലും, ഹൂത്തി സായുധ സംഘം ഇസ്രായിലിന് നേരെ മിസൈലകൾ വിക്ഷേപിക്കുന്നത് തുടരുന്നു. ഗാസയിലെ ഫലസ്തീനികളെ പിന്തുണക്കുകയാണ് ഇസ്രായിലിനെതിരായ ആക്രമണങ്ങളിലൂടെ തങ്ങളുടെ ലക്ഷ്യമെന്ന് ഹൂത്തികൾ അവകാശപ്പെടുന്നു.
അമേരിക്കൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നിർത്താൻ ഹൂത്തികൾ അടുത്തിടെ സമ്മതിച്ചിരുന്നു. ഇന്ന് പുലർച്ചെ ഇസ്രായിലിലേക്ക് മിസൈൽ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിട്ടില്ല. 2023 ഒക്‌ടോബറിൽ ഇസ്രായിലും ഹമാസും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം, ഹൂത്തികൾ ഇസ്രായിലിനെ ലക്ഷ്യമിട്ട് ഡസൻ കണക്കിന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും തടയപ്പെടുകയോ ലക്ഷ്യത്തിലെത്തുന്നതിൽ പരാജയപ്പെടുകയോ ചെയ്തു.