ദോഹ: ലഹരി കടത്തു കേസിൽ ഖത്തറിലെ ജയിലുകളിൽ സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പേർ ഉള്ളതായി ഇന്ത്യൻ എംബസി അധികൃതർ. ഇതിൽ പന്ത്രണ്ടോളം പേർ സ്ത്രീകളാണെന്നും ഇന്ത്യൻ അംബാസിഡർ വിപുൽ പറഞ്ഞു. ഖത്തറിലേക്ക് ലഹരി ഉൽപ്പന്നങ്ങളുംമറ്റു നിരോധിത വസ്തുക്കളും കൊണ്ടുവരുന്നതിനെതിരെ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഐ. സി. ബി. എഫ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ അംബാസിഡർ. ജയിലിൽ കഴിയുന്ന ഇന്ത്യക്കാരിൽ ലഹരിവസ്തുക്കൾ കടത്തിയ വരും നിരോധിത മരുന്നുകളും മറ്റു വസ്തുക്കളും കടത്തിയ വരും ഉണ്ട്. പലരും അറിയാതെ ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോകുന്നവരാണ്. ലഹരി വസ്തുക്കളും മറ്റും കടത്തുന്ന ഏജന്റ് മാരുടെ വലയിൽ പെട്ടുപോകുന്നവരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കൊടുത്തയക്കുന്ന പാർസലുകളിൽ ഇത്തരം വസ്തുക്കൾ പിടിക്കപ്പെട്ടവരും ഇക്കൂട്ടത്തിൽ ഉണ്ട്. മലയാളികളും തടവറയിലുണ്ട് എന്നാണ് വിവരം.
വധശിക്ഷ മുതൽ നാടുകടത്തിൽ വരെയും ഉയർന്ന പിഴയും ഉൾക്കൊള്ളുന്നതാണ് ലഹരി കടത്തിനെതിരെയുള്ള ഖത്തറിൽ ശിക്ഷ. , ലഹരി ഉൽപ്പന്നങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഖത്തർ എന്നും അംബാസഡർ പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന വർക്ക് എളുപ്പം രക്ഷപ്പെടാൻ സാധ്യമല്ല എന്നും അവരുടെ ജീവിതവും അവരുടെ കുടുംബവുമാണ് ഇതിലൂടെ ദുരിതം പേറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മരുന്നുകൾ ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് ചില നിയന്ത്രണങ്ങൾ ഉണ്ട്. അതു പാലിച്ചു മാത്രമേ മരുന്നുകൾ കൊണ്ടുവരാൻ പാടുള്ളൂ എന്നും അംബാസ്സഡർ പറഞ്ഞു. ജയിലിൽ ഉള്ളവരിൽ ചിലർ ഇത്തരം നിരോധിത മരുന്നുകൾ രാജ്യത്തേക്ക് കടത്തിയതിന്റെ പേരിൽ അറസ്റ്റിലായവരാണ്. ഏതൊക്കെ മരുന്നുകളാണ് രാജ്യത്തേക്ക് കൊണ്ടുവരാൻ പാടില്ലാത്തത് എന്ന് ഖത്തർ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ ഉണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ചില മരുന്നുകൾ കൊണ്ടുവരുമ്പോൾ ഡോക്ടറുടെ കുറിപ്പ് വേണം.
എന്നാൽ മരുന്നു കൊണ്ടുവരുന്നതിന് പരിധി ഉണ്ട്. ഒരുമാസത്തേക്കുള്ള മരുന്നു കൊണ്ടുവരാൻ നാട്ടിലെ ഡോക്ടറുടെ കുറിപ്പും ഒന്നിൽ കൂടുതൽ മാസത്തേക്കാണെങ്കിൽ ഖത്തറിലെ ഡോക്ടറുടെ കുറിപ്പും ആവശ്യമാണ്. സാധാരണ ഉപയോഗത്തിനുള്ള മരുന്നുകൾ പരമാവധി മൂന്നുമാസത്തേക്ക് മാത്രമേ ഖത്തറിലേക്ക് കൊണ്ടുവരാൻ അനുവദിക്കുകയുള്ളൂ. ഒരാൾക്ക് അദ്ദേഹത്തിന് ആവശ്യമുള്ള മരുന്നുകൾ മാത്രമേ കൊണ്ടുവരാൻ അനുവദിക്കൂ. ഒരു യാത്രക്കാരനും മറ്റുള്ളവർക്കുള്ള മരുന്നുകൾ കൊണ്ടുവരാൻ നിയമം അനുവദിക്കുന്നില്ല.
ലഹരി വസ്തുക്കളും മറ്റു നിരോധിത വസ്തുക്കളും ഖത്തറിലേക്ക് കടത്തുന്നതിനെതിരെ ശക്തമായ ബോധവൽക്കരണം പ്രവാസി സമൂഹത്തിൽ ഉണ്ടാവണമെന്നും അംബാസഡർ പറഞ്ഞു. വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും ഇതിനു മുൻകൈയെടുക്കണമെന്നും അംബാസഡർ വിപുൽ ആവശ്യപ്പെട്ടു.
പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാൾ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, അഡ്വക്കേറ്റ് സക്കരിയ കൊടുവള്ളി എന്നിവർ സംസാരിച്ചു. സിബിഎസ് ജനറൽ സെക്രട്ടറി ബോബൻ വർക്കി സ്വാഗതം വൈസ് പ്രസിഡന്റ് ദീപ ഷെട്ടി നന്ദിയും പറഞ്ഞു. ഐസിസി പ്രസിഡണ്ട് എപി മണികണ്ഠൻ, ഐഎസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാൻ, അപ്പക്സ് ബോഡി മാനേജ് കമ്മിറ്റി അംഗങ്ങൾ, മുൻ ഭാരവാഹികൾ, വിവിധ സംഘടന പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.