തെൽ അവിവ്: ഹൂത്തികളുടെ മിസൈൽ ആക്രമണ ഭീതി തുടരുന്നതിനിടെ ഇസ്രായിൽ തലസ്ഥാനമായ തെൽ അവീവിലേക്കുള്ള യാത്രാമുടക്കം നീട്ടി ലുഫ്താൻസ ഗ്രൂപ്പും എയർ ഇന്ത്യയും. മെയ് 25 വരെ തെൽ അവിവിലെ ബെൻ ഗുറിയോൺ എയർപോർട്ടിലേക്കുള്ള സർവീസ് പുനരാരംഭിക്കില്ലെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കി. മെയ് 4-ൽ ഹൂത്തികൾ അയച്ച മിസൈൽ പ്രതിരോധ സംവിധാനം ഭേദിച്ച് ബെൻ ഗുറിയോൺ എയർപോർട്ടിന്റെ പരിസരത്ത് പതിച്ചതോടെയാണ് വിവിധ കമ്പനികൾ സർവീസ് നിർത്തിവെച്ചത്. ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് വീണ്ടും വിമാനത്താവളം ആക്രമിച്ചു എന്ന ഹൂത്തികളുടെ അവകാശവാദങ്ങൾക്കിടെയാണ് വിമാനക്കമ്പനികളുടെ പുതിയ പ്രഖ്യാപനം.
ജർമനി ആസ്ഥാനമായുള്ള പ്രമുഖ വിമാന കമ്പനിയായ ലുഫ്താൻസ ഗ്രൂപ്പിനു കീഴിലാണ് ലുഫ്താൻസ, സ്വിസ് ഇന്റർനാഷണൽ എയർലൈൻസ്, ഓസ്ട്രിയൻ എയർലൈൻസ്, ബ്രസ്സൽസ് എയർലൈൻസ്, യൂറോവിംഗ്സ് എന്നിവ സർവീസ് നടത്തുന്നത്. ഈ വിമാനങ്ങളൊന്നും മെയ് 25 വരെ തെൽ അവിവിലേക്കും തിരിച്ചും പറക്കില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൂത്തികൾ അയച്ച മിസൈൽ വിമാനത്താവളത്തിൽ പതിച്ചു എന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇസ്രായിൽ ഇത് സ്ഥിരീകരിച്ചിരുന്നില്ല. മിസൈലുകൾ പ്രതിരോധ സംവിധാനം ഉപയോഗിച്ച് നിർവീര്യമാക്കി എന്നാണ് ഇസ്രായിൽ അവകാശവാദം. എന്നാൽ, തങ്ങളുടെ മിസൈൽ വിജയകരമായി ലക്ഷ്യം കണ്ടുവെന്ന് ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരി പറഞ്ഞു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ബെൻ ഗുറിയോൺ വിമാനത്താവളത്തെ ആക്രമിക്കുന്നതെന്നും യഹ്യ സാരി അവകാശപ്പെട്ടു.
മെയ് 4-ലെ ആക്രമണത്തിനു പിന്നാലെ ലുഫ്താൻസ ഗ്രൂപ്പ് ആദ്യം മെയ് 11 വരെ സർവീസുകൾ നിർത്തിവെച്ചിരുന്നെങ്കിലും, പിന്നീട് ഇത് മെയ് 18 വരെയും, ഇപ്പോൾ മെയ് 25 വരെയും നീട്ടുകയായിരുന്നു. യൂറോപ്പിൽ നിന്നും മറ്റ് ഭാഗങ്ങളിൽ നിന്നും ഇസ്രായിലിലേക്കുള്ള പ്രധാന വിമാന കണക്ഷനുകളിൽ ഒന്നാണ് ലുഫ്താൻസ ഗ്രൂപ്പ്. സർവീസ് മുടങ്ങിയതോടെ വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, കുടിയേറ്റക്കാർ, ബിസിനസ് യാത്രക്കാർ എന്നിവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്. വിമാന ടിക്കറ്റ് വിലകൾ ഉയരുകയും, ലഭ്യമായ റൂട്ടുകൾ കുറയുകയും ചെയ്തതോടെ, വിമാനയാത്രാ പദ്ധതികൾ താറുമാറായിരിക്കുകയാണ്. ഗൾഫ് എയർലൈൻസ് പോലുള്ള ചുരുക്കം ചില കമ്പനികൾ മാത്രമാണ് ഇപ്പോൾ തെൽ അവീവിലേക്ക് സർവീസ് നടത്തുന്നത്.
യാത്രാമുടക്കം ബാധിച്ച യാത്രക്കാർക്ക് ലുഫ്താൻസ ഗ്രൂപ്പ് സൗജന്യ റീബുക്കിംഗോ റീഫണ്ടോ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പകരം സംവിധാനങ്ങൾ ഇല്ലാത്തത് യാത്രക്കാർക്ക് തിരിച്ചടിയാണ്. ഇസ്രായിലിന്റെ ടൂറിസം മേഖലയെയും ഇത് സാരമായി ബാധിച്ചു. ജറുസലേം, എയ്ലാത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടൽ ബുക്കിംഗുകൾ കുറഞ്ഞു.
ലുഫ്താൻസ ഗ്രൂപ്പിന്റെ തീരുമാനം മറ്റ് പ്രമുഖ വിമാന കമ്പനികളുടെ നടപടികളെ സ്വാധീനിച്ചിട്ടുണ്ട്. എയർ ഇന്ത്യ, ഡെൽഹി-തെൽ അവീവ് റൂട്ടിൽ മെയ് 25 വരെ സർവീസുകൾ നിർത്തിവെച്ചു. യുണൈറ്റഡ് എയർലൈൻസ് മെയ് 18 വരെയും, ഡെൽറ്റ എയർലൈൻസ് മെയ് 19 വരെയും, ബ്രിട്ടീഷ് എയർവേയ്സ് ജൂൺ 14 വരെയും വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഐടിഎ എയർവേയ്സ് മെയ് 19 വരെ റദ്ദാക്കൽ പ്രഖ്യാപിച്ചു.
യൂറോപ്പിലെ ബജറ്റ് എയർലൈൻസ് ആയ വിസ് എയർ തെൽ അവിവിലേക്കുള്ള സർവീസ് പുനരാരംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും നിർത്തി എന്നാണ് വാർത്തകൾ.
അതേസമയം, ഇസ്രായിലിന്റെ പ്രാദേശിക വിമാന കമ്പനികളായ എൽ ആൽ, ആർക്കിയ, ഇസ്രായർ എന്നിവ ഈ അവസരം ഉപയോഗപ്പെടുത്തി അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.