ജിദ്ദ – ഹജ്, ഉംറ സേവന സീസണ്‍ വിസയൊന്നിന് 2,000 റിയാല്‍ തോതില്‍ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കല്‍ നിര്‍ബന്ധമാണെന്ന് പരിഷ്‌കരിച്ച താല്‍ക്കാലിക വിസാ നിയമാവലി വ്യക്തമാക്കുന്നു. വിസാ അപേക്ഷക്കൊപ്പമാണ് തൊഴിലാളികളില്‍ ഒരാള്‍ക്ക് 2,000 റിയാല്‍ തോതില്‍ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കേണ്ടത്. തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുള്ള ചെലവ് ഇനത്തിലാണ് ഗ്യാരണ്ടി ഈടാക്കുന്നത്.
നിശ്ചിത സമയത്ത് തൊഴിലാളി സ്വദേശത്തേക്ക് തിരിച്ചുപോയത് സ്ഥിരീകരിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ ഗ്യാരണ്ടി തുക മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമക്ക് തിരികെ നല്‍കും. വിസ റദ്ദാക്കിയാലും ഗ്യാരണ്ടി തുക തിരിച്ചുനല്‍കും.
ഹജ്, ഉംറ സേവന സീസണ്‍ വിസാ കാലാവധി ഒരു വര്‍ഷമാണ്. ഈ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് ഹജ് കര്‍മം നിര്‍വഹിക്കാന്‍ അനുവാദമില്ല. സീസണ്‍ വിസ സ്ഥിരം തൊഴില്‍ വിസയാക്കി മാറ്റാനും അനുവദിക്കില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന സീസണ്‍ വിസാ അപേക്ഷകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പഠിച്ച് വ്യവസ്ഥകള്‍ക്ക് അനുസൃതമായി വിസകളുടെ എണ്ണം നിര്‍ണയിക്കുകയും വിസ അനുവദിക്കുകയും ചെയ്യും. ഹജ്, ഉംറ സേവന സീസണ്‍ വിസകളില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്ന രാജ്യങ്ങളും മന്ത്രാലയം നിര്‍ണയിക്കും. താല്‍ക്കാലിക തൊഴില്‍ വിസയില്‍ 90 ദിവസം വരെ തൊഴിലാളിക്ക് സൗദിയില്‍ തങ്ങാവുന്നതാണ്. ഒറ്റത്തവണ തത്തുല്യ കാലത്തേക്ക് ഇത് ദീര്‍ഘിപ്പിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് അധികാരമുണ്ട്. സൗദിയില്‍ തങ്ങാവുന്ന കാലയളവ് അവസാനിക്കുന്നതിനു മുമ്പായി തൊഴിലാളി രാജ്യം വിട്ടിരിക്കണം. ഉപയോഗിക്കാത്ത സീസണ്‍ വിസകള്‍ കാലാവധി അവസാനിക്കുന്ന മുറക്ക് മന്ത്രാലയം ഓട്ടോമാറ്റിക് ആയി റദ്ദാക്കും. തൊഴിലുടമകളുടെ അപേക്ഷ പ്രകാരം കാലാവധിക്കു മുമ്പും വിസ റദ്ദാക്കും. ഇത്തരം സാഹചര്യങ്ങളില്‍ വിസാ ഫീസ് തിരികെ നല്‍കും.
ഹജ്, ഉംറ സേവനങ്ങള്‍ നല്‍കാന്‍ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഹജ്, ഉംറ സേവനത്തിനുള്ള താല്‍ക്കാലിക വിസകള്‍ അനുവദിക്കുക. വിസാ അപേക്ഷക്കൊപ്പം സ്ഥാപനത്തിന്റെ സ്ഥിരം വിലാസം, താല്‍ക്കാലിക തൊഴില്‍ വിലാസം എന്നിവ സമര്‍പ്പിക്കണം. തൊഴിലാളികളുമായി ഒപ്പുവെച്ച തൊഴില്‍ കരാര്‍ കോപ്പികളും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത് സ്ഥിരീകരിക്കുന്ന രേഖകളും വിസ സ്റ്റാമ്പ് ചെയ്യുന്നതിനു മുമ്പായി വിദേശങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ക്ക് സമര്‍പ്പിക്കലും നിര്‍ബന്ധമാണ്. ഉംറ സീസണ്‍ തൊഴിലുകള്‍ക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശഅബാന്‍ 15 മുതല്‍ ശഅബാന്‍ അവസാനം വരെയുള്ള കാലത്തും ഹജ് സീസണ്‍ തൊഴിലുകള്‍ക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശവ്വാല്‍ അഞ്ചു മുതല്‍ ദുല്‍ഖഅ്ദ അവസാനം വരെയുള്ള കാലത്തും സൗദിയില്‍ പ്രവേശിക്കാവുന്നതാണ്. ഇത്തരം വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്ന തൊഴിലാളികളുടെ രാജ്യത്തെ താമസ കാലം മുഹറം അവസാനം കവിയാന്‍ പാടില്ല.
സീസണ്‍ വിസകളില്‍ റിക്രൂട്ട് ചെയ്യുന്നവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനാകുന്ന ചെലവ് വിസാ അപേക്ഷകരാണ് വഹിക്കേണ്ടത്. വിസ അനുവദിക്കുമ്പോള്‍ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ ‘ഹജ് നിര്‍വഹിക്കാന്‍ അനുമതിയില്ല’ എന്ന വാചകം സീസണ്‍ വിസകളില്‍ ഇംഗ്ലീഷിലും അറബിയിലും രേഖപ്പെടുത്തും. ഈ വകുപ്പില്‍ ഇളവ് നല്‍കാനുള്ള വ്യവസ്ഥകള്‍ ആഭ്യന്തര മന്ത്രാലയവും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും മക്ക റോയല്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡും ചേര്‍ന്ന് തയാറാക്കും.