ജിദ്ദ – ഹജ് സീസണില്‍ മൂന്നു വിഭാഗക്കാര്‍ക്ക് മക്കയില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് നേടാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രീമിയം ഇഖാമ ഉടമകള്‍-നിക്ഷേപകര്‍-ഗള്‍ഫ് പൗരന്മാര്‍, നിയമാനുസൃത ഇഖാമയില്‍ മക്കയിൽ കഴിയുന്ന വിദേശികളുടെ കുടുംബാംഗങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നീ വിഭാഗക്കാർക്ക് മക്കയില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് നേടാന്‍ സാധിക്കും. ശവ്വാല്‍ 25 (മെയ് 4) മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് നേടണമെന്നും പെര്‍മിറ്റില്ലാത്തവരെ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ തടയുമെന്നും പൊതുസുരക്ഷാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹജ് സീസണില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ജവാസാത്ത് ഡയറക്ടറേറ്റ് ഓണ്‍ലൈന്‍ ആയി പെര്‍മിറ്റ് അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറും മുഖീം പോര്‍ട്ടലും വഴിയാണ് മക്കയില്‍ പ്രവേശിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കുന്നത്. ഇതിന് ജവാസാത്ത് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കേണ്ടതില്ല.
ഈ മാസം 23 മുതല്‍ വിസിറ്റ് വിസക്കാരെ മക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും മക്കയില്‍ തങ്ങുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. ദുല്‍ഹജ് 15 വരെ ഒരു മാസക്കാലം വിലക്ക് പ്രാബല്യത്തിലുണ്ടാകും. എല്ലാ തരം വിസിറ്റ് വിസക്കാര്‍ക്കും വിലക്ക് ഒരുപോലെ ബാധകമാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.