* ഇളംപ്രതിഭകളായ അസിന്, ഹിഷാം എന്നിവര്‍ അരങ്ങ് കൊഴുപ്പിച്ചു
* വെബ്സാന്ഖാന്, ഇലാന്ഖാന് എന്നിവരുടെ രാഗസദിർ
ജിദ്ദ: പ്രവാസികളുടെ സാംസ്കാരികരംഗത്ത് കലയുടെ അപൂര്‍വമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചതിന്റെ സമ്പന്നപൈതൃകവുമായി ഇശല്‍ കലാവേദിയൊരുക്കിയ ഇശല്‍രാവ് ജിദ്ദയിലെ പ്രേക്ഷകരില്‍ തേന്മഴയായി പെയ്തിറങ്ങി.
ഇമ്പമാര്‍ന്ന ഇശലുകളുടെ മായികലഹരിയില്‍ സഹൃദയര്‍ മുങ്ങിനിവര്‍ന്നു. നാട്ടില്‍ നിന്നെത്തിയ കൗമാരപ്രതിഭകളായ അസിന് വെള്ളില, ഹിഷാം അങ്ങാടിപ്പുറം എന്നിവര്‍ അക്ഷരാര്‍ഥത്തില്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു.
ശ്രവണസുഭഗമായ മാപ്പിളപ്പാട്ടുകളുടെ മായാലോകമാണ് ഇരുവരും തുറന്നത്. റഹീം കാക്കൂര്‍, മുംതാസ് അബ്ദുറഹ്മാന്, ഹസീന അഷ്റഫ്, മുഹമ്മദ്കുട്ടി അരിമ്പ്ര, സലീന ഇബ്രാഹിം, ഷാനിഫ് ഫറോക്ക്, മുബാറക് വാഴക്കാട്, അഷ്റഫ് ചെറുകോട് തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു.
കൊച്ചുഗായകനായ ഷാദിന് ഹസന്റെ ഗാനാലാപനവും ശ്രദ്ധേയമായി.
ഇരുപത് മിനുട്ടോളം നീണ്ടു നിന്ന സ്വരരാഗസുധയില്‍ സദസ്സിനെ അടിമുടി ആറാടിച്ച വെബ്സാന്ഖാന്റേയും അനിയന് ഇലാന്ഖാന്റേയും അവിസ്മരണീയമായ സിംഫണി ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് ഏറ്റെടുത്തത്.
ഇരുവരേയും മന്‍സൂര്‍ കിളിനക്കോടിന് മെമന്റോ നല്കി ആദരിച്ചു. പത്താംക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഇശല്‍ കലാവേദി കുടുംബത്തിലെ മിടുക്കരായ കുട്ടികളേയും രക്ഷിതാക്കളേയും ചടങ്ങില്‍ മെമന്റോ നല്കി അനുമോദിച്ചു. ഹസന് കൊണ്ടോട്ടി (യമാഹ), ഹസ്നാ ഹസന് എന്നിവര്‍ അവതാരകരായിരുന്നു.
ഇശല്‍ കലാവേദി പ്രസിഡന്റ് ശിഹാബ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. ജാഫറലി പാലക്കോട്, കബീര്‍ കൊണ്ടോട്ടി, അബ്ദുല്ല മുക്കണ്ണി, റിഷ്നി ഹസന്, ഹബീബ റഹീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹസന് യമാഹയുടെ കുടംബാംഗങ്ങളേയും സദസ്സില്‍ ആദരിച്ചു.
റഹീം യൂണിവേഴ്സിറ്റി, അഷ്റഫ് ചെറുകോട്, ഹബീബ റഹീം, അന്‍ഷിഫ്, സുഹൈര്‍, റഹീബ റഹിം, റഷാദ് റഹിം, നബ്ഹാന് അഷ്റഫ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഷാജഹാന് ഗൂഡല്ലൂര്‍ സ്വാഗതവും, മുഹമ്മദ് കുട്ടി അരിമ്പ്ര നന്ദിയും പറഞ്ഞു.