കോഴിക്കോട്: കോർപറേറ്റ് സംസ്കാരം തൊഴിൽ മേഖലകളെ അടിമുടി വിഴുങ്ങിയ ഇക്കാലത്ത് രാജിവെക്കലും പുതിയ മേഖലകൾ തേടിപ്പോകലും പുതുമയുള്ള കാര്യമല്ല. ജീവിതകാലം മുഴുവൻ ഒരു കമ്പനിയിൽ തന്നെ തുടരുക എന്നതൊക്കെ പഴയ ഫാഷനായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പിരിഞ്ഞുപോകുന്ന ജീവനക്കാരുമായുള്ള സ്ഥാപനങ്ങളുടെ ബന്ധം ആനുകൂല്യങ്ങൾ നൽകലിലും ഔപചാരികമായ യാത്രയയപ്പ് ചടങ്ങുകളിലും ഒതുങ്ങുന്നു.
എന്നാൽ, ഉന്നതപഠനത്തിനു വേണ്ടി രാജിവെച്ചു പിരിഞ്ഞ മാധ്യമപ്രവർത്തകന് മലയാളത്തിലെ ഏറ്റവും പഴക്കമേറിയ പത്രമായ മലയാള മനോരമയുടെ ചീഫ് എഡിറ്റർ മാമ്മൻ മാത്യു അയച്ച കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. തണുത്ത വാചകങ്ങളിലുള്ള ഔപചാരികമായ യാത്രാമൊഴിക്കു പകരം ജീവനക്കാരനുമായുള്ള ഊഷ്മള ബന്ധം ഹൃദ്യമായ ഭാഷയിൽ വിവരിക്കുന്ന കത്ത് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത് മുഹമ്മദ് ദാവൂദ് എന്ന മാധ്യമപ്രവർത്തകൻ തന്നെയാണ്. മനോരമയിലെ ശ്രദ്ധേയനായ സ്പോർട്സ് ജേണലിസ്റ്റായിരുന്ന ദാവൂദ് ഖത്തറിൽ നടന്ന ലോകകപ്പ് റിപ്പോർട്ട് ചെയ്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ മാധ്യമ പ്രവർത്തകനാണ്.
‘പിഎച്ച്ഡി പഠനത്തിനായി മലയാള മനോരമ വിടാൻ തീരുമാനിച്ചപ്പോൾ എന്നെ ഏറ്റവും അലട്ടിയത് ചീഫ് എഡിറ്റർ മാമ്മൻ മാത്യു സാറിനു മുന്നിൽ അതെങ്ങനെ അവതരിപ്പിക്കും എന്നതാണ്. ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ മത്സരം കാണാൻ സാർ ദോഹയിൽ വന്നതു മുതൽ വളരെ അടുത്ത പരിചയം അദ്ദേഹവുമായി ഉണ്ടായിരുന്നു. പക്ഷേ കുറച്ചു ദീർഘമായ രാജിക്കത്തുമായി ചെന്നു കണ്ട എന്നെ അദ്ദേഹം അമ്പരപ്പിച്ചു.
‘ദാവൂദ് പോകുന്നതിൽ സങ്കടമുണ്ട്. പക്ഷേ പഠനത്തിനു വേണ്ടിയായതു കൊണ്ട് ഞാൻ ഒരിക്കലും വേണ്ട എന്നു പറയില്ല..’
ഇടയ്ക്കു വരണം, പ്രാർഥിക്കണം എന്നെല്ലാം പറഞ്ഞു പിരിഞ്ഞതിനു ശേഷം ഒരാഴ്ച്ചയ്ക്കകം അദ്ദേഹത്തിന്റെ കത്തും എന്നെ തേടിയെത്തി. രാജി വച്ചു പോകുന്നവർക്ക് പതിവു പോലെ നൽകുന്ന റീലിവിങ് ഓർഡർ ആയിരിക്കും എന്നു കരുതിയ എന്നെ ഈ കത്തിലെ ഉള്ളടക്കം ശരിക്കും ഞെട്ടിച്ചു. മനോരമ ദൈവസഹായമുള്ള ഒരു സ്ഥാപനമാണെന്നു പറയാറുണ്ട്. അതെന്തു കൊണ്ടാണെന്ന് ഈ കത്തിലെ വരികൾ തെളിയിക്കുന്നുണ്ട്!’
എന്ന കുറിപ്പോടെയാണ് ദാവൂദ് തനിക്കു ലഭിച്ച ചീഫ് എഡിറ്ററുടെ കത്ത് ഫേസ്ബുക്കിൽ പങ്കുവച്ചത്.
മുഹമ്മദ് ദാവൂദ് മനോരമയിൽ ജോയിൻ ചെയ്ത സമയം ഓർത്തുകൊണ്ട് ആരംഭിക്കുന്ന മാമ്മൻ മാത്യുവിന്റെ കുറിപ്പിൽ, തങ്ങൾക്കൊപ്പമുണ്ടായിരുന്ന ഒരു പതിറ്റാണ്ടിലേറെക്കാലത്തെ ജീവനക്കാരന്റെ ശ്രദ്ധേയ സംഭാവനകൾ സൂചിപ്പിക്കുന്നുണ്ട്. ഭാര്യയ്ക്കും മക്കൾക്കും കൂടി മംഗളം നേർന്നുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.


തൊഴിലാളികൾ, പ്രത്യേകിച്ചും മാധ്യമപ്രവർത്തകർ രാജിവെച്ചു പോകുന്നതും തൊഴിലിടങ്ങൾ മാറുന്നതും നിത്യസംഭവമായ ഇക്കാലത്ത്, പിരിഞ്ഞുപോകുന്ന ജീവനക്കാരനെ ഇത്ര ഹൃദ്യമായി യാത്രയാക്കുന്ന മനോരമയുടെ ‘പ്രൊഫഷണലിസം’ മാതൃകയാക്കപ്പെടേണ്ടതാണെന്ന് സമൂഹമാധ്യമങ്ങൾ പറയുന്നു.