പട്‌ന: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് ഭക്തർ മരിച്ചു. ബാരാവർ കുന്നുകളിലെ ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തമുണ്ടായത്. 35 പേർക്ക് പരിക്കേറ്റു. എല്ലാ വർഷവും ശ്രാവണ മാസത്തിൽ നടക്കുന്ന സമർപ്പണ ചടങ്ങുകൾക്കായി ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് ദുരന്തമുണ്ടായത്.
“ഭരണകൂടത്തിൻ്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ക്രമീകരണങ്ങളുടെ അഭാവമാണ് തിക്കിനും തിരക്കിനും കാരണമെന്നും ജനങ്ങളെ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ചില എൻ.സി.സി (നാഷണൽ കേഡറ്റ് കോർപ്‌സ്) വോളൻ്റിയർമാർ ഭക്തർക്ക് നേരെ ‘ലാത്തി’ ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു. മരണസംഖ്യ വർധിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
പൂക്കച്ചവടക്കാരനുമായി വാക്കേറ്റമുണ്ടായതിനെ തുടർന്നാണ് വളണ്ടിയർമാർ ലാത്തിച്ചാർജ് നടത്തിയതെന്ന് ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ഭക്തൻ പറഞ്ഞു. പോലീസുകാരാരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഭക്തർ ആരോപിച്ചു.
അതേസമയം, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എൻസിസി വോളൻ്റിയർമാർ ലാത്തി ഉപയോഗിച്ചുവെന്ന ആരോപണം ജെഹാനാബാദ് സബ് ഡിവിഷണൽ ഓഫീസർ (എസ്ഡിഒ) വികാഷ് കുമാർ നിഷേധിച്ചു.