മലപ്പുറം- കേരളത്തിൽ രാഷ്ട്രീയ അട്ടിമറി നടത്താൻ എ.ഡി.ജി.പി എം.ആർ അജിത് കുമാർ ശ്രമിച്ചുവെന്ന ആരോപണവുമായി പി.വി അൻവർ എം.എൽ.എ. അജിത് കുമാറിനെ ക്രമസമാധാനപാലന ചുമതലയിൽ തുടരാൻ അനുവദിച്ച് കേസ് അന്വേഷിക്കുന്നത് തന്നെ കുടുക്കാൻ വേണ്ടിയാണെന്നും അൻവർ പത്രസമ്മേളനത്തിൽ പറഞ്ഞു. തനിക്ക് വല്ലതും സംഭവിച്ചാലും തെളിവുകൾ ഇല്ലാതാകില്ലെന്നും എല്ലാ തെളിവുകളും തിരിച്ചുവരുമെന്നും അൻവർ പറഞ്ഞു. എല്ലാ പരിധിയും അജിത് കുമാരും സംഘവും ലംഘിച്ചിട്ടുണ്ട്. ക്രിമിനൽ സംഘത്തിൽ ഇനിയും പല വൻമീനുകളും ഉണ്ടെന്നും അവരെയെല്ലാം പുറത്തുകൊണ്ടുവരുമന്നും അൻവർ വ്യക്തമാക്കി.
മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി മാവോയിസ്റ്റ് മേഖലയിലെ എസ്.പിമാർക്ക് ഫോൺ ചോർത്താൻ അധികാരമുണ്ട്. മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള രണ്ടു കേന്ദ്രങ്ങളിലൊന്ന് അരീക്കോടാണ്. അരീക്കോട് എം.എസ്.പി ഓഫീസ് കോംപൗണ്ടിലെ ഒരു ഭാഗത്താണ് ഫോൺ നിരീക്ഷിക്കുന്ന കേന്ദ്രമുള്ളത്. മൂന്നു ഉദ്യോഗസ്ഥരാണ് അവിടെയുള്ളത്. ആരുടെ ഫോണുകൾ വേണമെങ്കിലും അവിടെ വെച്ചു ചോർത്താം. ഫോൺ ചോർത്തുന്നുവെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും എന്നെ പരിഹസിച്ചു. സ്വർണ്ണക്കടത്തിനിടെ പിടിയിലായ യുവാവിൽനിന്നും സുജിത് ദാസ് സ്വർണ്ണം തട്ടിയെടുത്തതായി വ്യക്തമായ തെളിവുണ്ട്.
സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരുടെയും നേതാക്കളുടെയും ഫോൺ കോൾ സന്ദേശം ചോർത്തിയതിന്റെ വിവരങ്ങൾ സ്വർണ്ണക്കടത്തുകാരന് ലാപ്ടോപ് വഴി സുജിത് ദാസ് കേൾപ്പിച്ചുകൊടുത്തുവെന്നും അൻവർ പറഞ്ഞു. പിടികൂടിയ പത്തു കിലോ സ്വർണ്ണത്തിൽ ഏഴു കിലോയും സുജിത്ദാസും സംഘവും കൈക്കലാക്കി. മുഖ്യമന്ത്രിയുടെ വീട്ടിലെ തൂപ്പുകാരിയുടെ ശബ്ദം വരെ സുജിത് ദാസ് തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടതായും അൻവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ദിനേശ് കെ.കെ, ശരത് എസ്, ജയപ്രസാദ് എന്നിവരാണ് സീക്രട്ട് മുറിയിലിരുന്ന് ഫോൺ ചോർത്തി റെക്കോർഡ് ചെയ്യുന്നത്. കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തുന്നുണ്ട്.
സ്വർണ്ണക്കടത്തിന് പുറമെ, കുഴൽപ്പണക്കാരുടെയും പണം സുജിത് ദാസും സംഘവും തട്ടിയെടുക്കുന്നുണ്ട്. എ.ഡി.ജി.പി അജിത് കുമാറിനെ ആരാണ് സംരക്ഷിക്കുന്നത് എന്ന് തനിക്കറിയില്ല. ഈ നാട് എങ്ങോട്ടാണ് പോകുന്നതെന്നും അൻവർ ചോദിച്ചു. കൊണ്ടോട്ടി അങ്ങാടിയിൽ കടല വറുക്കുന്നവന് വരെ ഇക്കാര്യം അറിയാം. ആരും അന്വേഷിക്കാനാകില്ലാത്ത അവസ്ഥയാണ്. സ്വർണ്ണക്കടത്തിന് പിടിയിലായവരുടെ വീടുകളിൽ രാത്രി ഡാൻസാഫ് സംഘം എത്തി സ്ത്രീകളെ പീഡിപ്പിക്കുന്ന അവസ്ഥവരെയുണ്ടായി. വീടിന്റെ ടെറസിൽ കയറി വാട്ടർ ടാങ്ക് പൂട്ടുകയാണ് ഡാൻസാഫിന്റെ പതിവ്. ടാങ്ക് നോക്കാൻ വേണ്ടി സ്ത്രീകൾ മുകളിലേക്ക് വരുമ്പോൾ പീഡിപ്പിക്കുന്ന സംഭവം വരെയുണ്ടായി.
തന്നെ കുരുക്കാനായി പലരീതിയിലും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. എനിക്കെതിരെ പലരീതിയിലും അന്വേഷണം നടക്കുന്നുണ്ട്. ഇവർ കുലുക്കിയാലൊന്നും ഞാൻ കുലുങ്ങാൻ പോകുന്നില്ലെന്നും അൻവർ പറഞ്ഞു.