കൊച്ചി- കോളേജിനകത്ത് പ്രാർത്ഥനാ മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് കേളേജ് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികളുടെ ആവശ്യം കോളേജ് അധികൃതർ പരിശോധിച്ചുവെന്നും എന്നാൽ അനുവദിക്കേണ്ട കാര്യമില്ലെന്നാണ് തീരുമാനമെന്നും കോളേജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ 72 വർഷമായി ഇക്കാര്യത്തിൽ നിർമല കോളേജ് പുലർത്തിപ്പോരുന്ന രീതി തുടരാനാണ് തീരുമാനം. പ്രസ്തുത വിഷയത്തിൽ സ്പർധ വളർത്തരുതെന്ന് പൊതുസമൂഹത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോളേജ് വ്യക്തമാക്കി.
അതേസമയം, നിർമ്മല കോളേജിൽ പ്രാർത്ഥനയ്ക്കായി ഇടം അനുവദിക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തെ സീറോ മലബാർ സഭാ അൽമായ ഫോറം അപലപിച്ചു. കോളേജിന്റെ സമാധാനാന്തരീക്ഷം തകർത്ത നടപടികൾ അംഗീകരിക്കാനാകില്ല എന്ന് അൽമായ ഫോറം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. കോളേജിന് സമീപത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെ ക്രൈസ്തവ കോളേജിൽ തന്നെ നിസ്‌കരിക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്‌ക്കരിക്കാനുള്ള സൗകര്യം അനുവദിക്കാനാകില്ലെന്നും സഭ വ്യക്തമാക്കി.
ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനെയും സുരക്ഷയെയും ഇത്തരം വേറിട്ട സംഭവങ്ങൾ ബാധിക്കുന്നുണ്ട്. ചില മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളുടെ കേരളത്തിൽ വളർന്നു വരുന്ന ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ശക്തമായ ചേരിതിരിവും ധ്രുവീകരണവും സൃഷ്ടിക്കും. ബുദ്ധിയുടെയും യുക്തിയുടെയും ബോധത്തിന്റെ തന്നെയും അതിരുകള്‍ ലംഘിക്കുന്ന ഈ പ്രവണതകൾ വിദ്യാർത്ഥികളിലേക്കും കുത്തിവയ്‌ക്കുന്നത് ശരിയാണോയെന്ന് മത -രാഷ്ട്രീയ നേതൃത്വങ്ങൾ ചിന്തിക്കണം. നമ്മുടെ കേരളം പോലുള്ള ഒരു സമൂഹത്തില്‍ ഇതു പല രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാ അവകാശത്തെ തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ആധുനിക സമൂഹനിര്‍മിതിയുടെ എല്ലാ തറക്കല്ലുകളും തൂണുകളും തകര്‍ത്തെറിയുകതന്നെ ചെയ്യും എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. വിദ്യാർത്ഥികളിൽ വേര്‍തിരിക്കലിന്റെയും ഭിന്നിപ്പിന്റെയും അധാര്‍മികതകളുടെയും വിത്തുകള്‍ പാകുകയാണ് ഇത്തരം നീക്കങ്ങളിലൂടെ ചിലർ ലക്ഷ്യമിടുന്നത്.ഇത്തരം പ്രവർത്തനങ്ങളെ കേന്ദ്ര-സംസഥാന സർക്കാരുകൾ ജാഗ്രതയോടെ കാണണം.
കേരളത്തിൽ കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതസാഹോദര്യവും സമത്വവും ദുര്‍ബലപ്പെടുത്തുന്ന വികലമായ വിദ്യാഭ്യാസരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ഇത്തരം ‘മൂവാറ്റുപുഴ ശൈലികളെ’ അൽമായഫോറം കഠിനമായി അപലപിക്കുന്നു. ബന്ധപ്പെട്ട സംഘടനകളുടെ അധികാരികൾ വിദ്യാർത്ഥികളെ തിരുത്തണം. വിദ്യാർത്ഥികളെ ഉദാരതകളിലേക്കും, മൂല്യങ്ങളുടെയും മനുഷ്യത്വത്തിന്റെയും നന്മകളുടെ വ്യാപനത്തിലേക്കും, ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും ഉയരങ്ങളിലേക്കും നയിക്കുന്ന ശൈലികളാണ് വിദ്യാർത്ഥി സംഘടനകൾ അവലംബിക്കേണ്ടതെന്നും പ്രസ്താവന വ്യക്തമാക്കി.
അതേസമയം, മുവാറ്റുപുഴ: നിര്‍മല കോളേജിലെ നിസ്കാര മുറി വിവാദത്തില്‍ ഖേദപ്രകടനവുമായി മൂവാറ്റുപുഴയിലെ മഹല്ല് കമ്മിറ്റികൾ രംഗത്തെത്തി. നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികൾ കോളജ് മാനേജ്മെൻ്റ്മായി ചർച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്..കോളജിൽ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണ്. പ്രാർഥനയ്ക്കും ആചാരങ്ങൾക്കും നിർദ്ദിഷ്ട രീതികൾ മതം നിർദ്ദേശിച്ചിട്ടുണ്ട്.സമുദായവുമായി ബന്ധപ്പെട്ടവരിൽ നിന്ന് തെറ്റായ ചെറിയ നീക്കമുണ്ടായാൽ പോലും അത് മുതലെടുക്കാൻ കുബുദ്ധികൾ ശ്രമിക്കുമെന്ന് ഓർക്കണമെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു