കൊച്ചി: ലൈംഗികച്ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്ലീല സംസാരത്തിന് ഭാരതീയ ന്യായ സംഹിതയിലെ 75(4) വകപ്പു പ്രകാരവും യുട്യൂബ് ചാനലുകള്‍ അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയത് ഐടി ആക്ട് 67ാം വകുപ്പു പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. തന്റെ ചിത്രം ആശ്ലീല രീതിയില്‍ ഉപയോഗിച്ച 20 യുട്യൂബര്‍മാര്‍ക്കെതിരേയും ഹണി റോസ് പരാതി നല്‍കിയിട്ടുണ്ട്.
എഡിജിപി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ എന്നിവരെ ഹണി റോസ് നേരിട്ടെത്തി കണ്ടിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കാന്‍ നടി തീരുമാനിച്ചത്.
നാലു മാസം മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂര്‍ ആലക്കോടുള്ള ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നേരിട്ട ലൈംഗികാതിക്രമവും ഈ സംഭവത്തിനു ശേഷം പല വേദികളിലും താന്‍ നേരിട്ട പ്രയാസങ്ങളും പരാതിയില്‍ ഹണി റോസ് എടുത്തു പറഞ്ഞിട്ടുണ്ട്.