തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം കുത്തുപാളയെടുത്തു നിൽക്കവേ, വിമർശങ്ങളൊന്നും വകവയ്ക്കാതെ ഏറെ കൊട്ടിഘോഷിച്ച് പിണറായി സർക്കാർ നടത്തിയ നവകേരള സദസ്സിന്റെ പബ്ലിസിറ്റി ഇനത്തിൽ വീണ്ടും തുക അനുവദിച്ച് ധനകാര്യ വകുപ്പ്. ഇതനുസരിച്ച് നവകേരള സദസിന്റെ പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാനായി പിണറായി സർക്കാർ ചെലവിട്ടത് 9.16 കോടി രൂപയായി.
കഴിഞ്ഞ മെയിൽ അച്ചടിക്കായി 1.68 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് 7.47 കോടി രൂപ കൂടി സർക്കാർ അനുവദിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് പിണറായി സർക്കാർ നവകേരള സദസ് സംഘടിപ്പിച്ചത്. എന്നാൽ, യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ ഉയർന്ന വിമർശങ്ങളോടും ജനാധിപത്യ രീതിയിലുളള പ്രതിഷേധങ്ങളോടും മുഖം തിരിച്ച് നിഷേധാത്മക സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത്. നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ സർക്കാർ സംവിധാനത്തിൽ നടന്ന ധൂർത്തിനെതിരേ ഉയർന്ന പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതയ്ക്കുക കൂടി ചെയ്തതോടെ, ഇതിനെ ‘ജീവൻരക്ഷാ പ്രവർത്തനമായി’ വ്യാഖ്യാനിച്ച് കൂടുതൽ പ്രതിരോധത്തിലാവുകയായിരുന്നു ഇടതു മുന്നണിയും സർക്കാറും.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി ഒന്നരക്കോടി ചെലവിട്ട് പുതിയ ബസ് വാങ്ങിയതും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ശേഷം നവകേരള സദസിന് നേതൃത്വം നൽകിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ടി.എ ഇനത്തിൽ 35 ലക്ഷം രൂപയും ധനവകുപ്പ് അനുവദിക്കുകയുണ്ടായി. ഒരു കിലോമീറ്റർ യാത്രയ്ക്ക് 15 രൂപ ടി.എയും ഒരു ദിവസത്തെ താമസത്തിന് 1000 രൂപ പ്രത്യേക അലവൻസ് നൽകാനും സർക്കാർ പിശുക്ക് കാണിക്കാത്തതും വാർത്തകളിൽ ഇടം പിടിക്കുകയുണ്ടായി.
ഭരണനേട്ടം വിളിച്ചുപറയാൻ ജനങ്ങൾക്കുമേൽ കോടികളുടെ അധികബാധ്യത അടിച്ചേൽപ്പിച്ച്, സർക്കാർ സംവിധാനങ്ങളെയെല്ലാം തീർത്തും ജനവിരുദ്ധമായ രീതിയിൽ ദുരുപയോഗം ചെയ്തത് മുന്നണിക്കകത്തും പുറത്തും രൂക്ഷ വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ക്ഷേമപെൻഷനുകൾ അടക്കം വൻ കുടിശ്ശികയായി നിൽക്കവേ, 36 ദിവസം നീണ്ടുനിന്ന നവകേരള യാത്രയിൽ, ഒരു ഇടത് സർക്കാറിൽനിന്ന് പ്രതീക്ഷിച്ച ജനാധിപത്യ ചെയ്തികളല്ല ഉണ്ടായതെന്നും ജനവിരുദ്ധമായ ഇത്തരം സമീപനങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും പൊതുവെ വിലയിരുത്തലുമുണ്ടായിരുന്നു.