തിരുവനന്തപുരം- മലയാള സിനിമയിൽനിന്ന് വളരെ മോശം അനുഭവം ഉണ്ടായതായി നടി ചാർമിള. സിനിമയിലെ 28 സംവിധായകരും നടൻമാരും അണിയറ പ്രവർത്തകരും മോശമായി പെരുമാറിയെന്ന് ചാർമിള ആരോപിച്ചു. അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയുടെ നിർമാതാവ് എം.പി മോഹനൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ചാർമിള പറഞ്ഞു.
ചാർമിള സഹകരിക്കുമോ എന്ന് സിനിമയുടെ സംവിധായകൻ ഹരിഹരൻ നടൻ വിഷ്ണുവിനോട് ചോദിച്ചുവെന്നും ഇല്ല എന്ന് പറഞ്ഞതോടെ ഹരിഹരന്റെ പരിണയം എന്ന സിനിമയിൽനിന്ന് ഒഴിവാക്കിയെന്നും ചാർമിള ആരോപിക്കുന്നു. നിർമാതാവ് സുഹൃത്തുക്കൾക്കൊപ്പമാണ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഹോട്ടൽ മുറിയിലെത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പൊള്ളാച്ചിയിൽ സിനിമയുടെ അവസാന ദിവസത്തെ ഷൂട്ട് നടക്കുമ്പോഴാണ് മോശം പെരുമാറ്റമുണ്ടായത്. 1997-ലാണ് അർജുനൻ പിള്ളയും അഞ്ചു മക്കളും പുറത്തിറങ്ങിയത്.
കോഴിക്കോട് നടന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലും മോശം അനുഭവമുണ്ടായി. മലയാളത്തിലെ നിരവധി നടൻമാരിൽനിന്ന് തനിക്ക് മോശമായ അനുഭവമാണ് നേരിടേണ്ടി വന്നതെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ചാർമിള പറഞ്ഞു. പ്രൊഡക്ഷൻ നമ്പർ ടു എന്ന് പേരിട്ട് സിനിമയിൽനിന്നാണ് കോഴിക്കോട്ട് മോശം അനുഭവമുണ്ടായത്. ദുബായിൽനിന്ന് വന്ന യുവാക്കളായ നിർമ്മാതാക്കളാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും അവർ വ്യക്തമാക്കി. മുപ്പത് വർഷത്തോളം തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന താരമാണ് ചാർമിള.