ന്യുഡൽഹി – എ.എ.പി രാജ്യസഭാംഗം സ്വാതി മാലിവാളിനെ ആക്രമിച്ചുവെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ പി.എ ബൈഭവ് കുമാർ അറസ്റ്റിൽ. കെജ്‌രിവാളിന്റെ വസതിയിൽ നിന്നാണ് അറസ്റ്റ്. തുടർന്ന് സിവിൽ ലൈൻ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ജാമ്യം ലഭിച്ച അരവിന്ദ് കെജ്‌രിവാളിനെ സന്ദർശിക്കാൻ തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ കൈയേറ്റം ചെയ്തുവെന്ന പരാതിയിലാണ് ഡൽഹി പോലീസിന്റെ അറസ്റ്റ്.
അതിനിടെ, സ്വാതി മലിവാളിന്റെ കാലിനും താടിയിലും കണ്ണിന് താഴെയും പരിക്കുണ്ടെന്ന് ചികിത്സിച്ച എയിംസ് ആശുപത്രയുടെ മെഡിക്കൽ റിപോർട്ട് പുറത്തുവന്നു.
കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് സ്വാതി മലിവാളിനെതിരെ ആംആദ്മി പാർട്ടി ഉന്നയിച്ചത്. പാർട്ടി എം.പിയായ അവർ ഇപ്പോൾ ബി.ജെ.പിക്കു വേണ്ടിയാണ് കളിക്കുന്നതെന്നാണ് ഇതിൽ പ്രധാന ആരോപണം. സ്വാതി മലിവാൾ നിരവധി കേസുകൾ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ബി.ജെ.പി അവരെ പേടിപ്പിക്കുന്നുന്നുമുണ്ട്. ബി.ജെ.പിയുമായുള്ള ഗൂഢാലോചനയുടെ തുടർച്ചയാണ് സ്വാതിയുടെ നാടകമെന്ന് മന്ത്രി അതിഷി മർലേന ഉൾപ്പെടെയുള്ള ആപ് നേതാക്കൾ പ്രതികരിച്ചിരുന്നു.
എന്നാൽ, ഇന്നലെ പാർട്ടിയിൽ വന്നവർ 20 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന തന്നെ ബി.ജെ.പി ഏജന്റായി മുദ്രകുത്തി വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും നീതിക്കായി പോരാട്ടം തുടരുമെന്നും ഡൽഹി വനിതാ കമ്മിഷൻ മുൻ അധ്യക്ഷ കൂടിയായ സ്വാതി മലിവാൾ എം.പി പ്രതികരിച്ചു. എന്തായാലും പാർട്ടി എം.പിയും പാർട്ടി മുഖ്യന്റെ പി.എയും തമ്മിലുള്ള നിയമയുദ്ധവും രാഷ്ട്രീയ പോരുകളും ആം ആദ്മിയിൽ പുതിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group