മാർച്ച് 27: അഷിതയുടെ ഓർമദിനം
പെരിന്തല്‍മണ്ണയില്‍ ബ്രൈറ്റ് ഓപ്റ്റിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന സുഹൃത്ത് പഴയന്നൂര്‍ക്കാരന്‍ ബാപ്പുട്ടിയെന്ന അബ്ദുല്‍ഖാദര്‍ നല്ല വായനക്കാരനാണ്. ഏറെക്കാലം ബഹ്‌റൈനിലായിരുന്ന ബാപ്പുട്ടി ഒരിക്കല്‍ അവധിക്ക് വന്നപ്പോള്‍ ഒറ്റപ്പാലത്ത് ഞാന്‍ താമസിക്കുന്ന മുരളീലോഡ്ജില്‍ വന്നു. ബാപ്പുട്ടിയുടെ അയല്‍ക്കാരിയായിരുന്നു അഷിത. അഷിതയുടെ കഥകള്‍ വായിച്ച് ആരാധന തോന്നിയിരുന്ന ആ നാളുകളില്‍ അവരെ നേരില്‍ കാണാന്‍ ഞാന്‍ ബാപ്പുട്ടിയോടൊപ്പം ഒറ്റപ്പാലം സ്റ്റാന്റില്‍ നിന്ന് ‘ടി.ആര്‍.നായര്‍’ എന്ന ബസ്സില്‍ കയറി. തിരുവില്വാമല ചുങ്കത്തെത്തിയപ്പോള്‍ പെട്ടെന്ന് ഞങ്ങളുടെ ഐഡിയ മാറി. ബാപ്പുട്ടി പറഞ്ഞു: നമുക്ക് വി.കെ.എനെയൊന്ന് കാണാന്‍ പോയാലോ?
മുമ്പ് രണ്ടു തവണ ഞാന്‍ വി.കെ.എന്റെ വീട്ടില്‍ പോയിട്ടുണ്ട്. പക്ഷേ ബാപ്പുട്ടി അടുത്ത പ്രദേശക്കാരനായിട്ടും വി.കെ.എനെ അത് വരെ കണ്ടിരുന്നില്ല. അങ്ങനെ ഞങ്ങളുടെ പഴയന്നൂര്‍ യാത്ര മുടങ്ങി. തിരുവില്വാമലയിലിറങ്ങി വി.കെ.എന്റെ വീട്ടിലേക്ക്. ഒലവക്കോട് ഫോറസ്റ്റ് ഓഫീസറായിരുന്ന സഹൃദയനായ എന്റെ സുഹൃത്ത് കൊല്ലേരി നാരായണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ അന്നേരം അവിടെ വെടിവട്ടം കൊഴുക്കുന്നുണ്ടായിരുന്നു. വി.കെ.എന്റെ പൊട്ടിച്ചിരിയുടെ അമിട്ടുകള്‍ ലക്കിടി പാലം കടന്ന് ചെനക്കത്തൂരെത്തി പൊട്ടിച്ചിതറി.
അങ്ങനെ അഷിതയെ നേരില്‍ കാണുകയെന്ന മോഹം നടക്കാതെ പോയി. പിറ്റേ ആഴ്ച അവര്‍ മുംബൈയിലേക്ക് തിരികെപ്പോയതായി അറിഞ്ഞു. (എഴുത്തുകാരായ പി.എ ദിവാകരനും സഹോദരി മാനസിയും തിരുവില്വാമലക്കാരാണ്. അന്ന് ഇരുവരും മുംബൈയിലായിരുന്നു. അവരിലാരോ പറഞ്ഞാണ് അഷിത പഴയന്നൂരില്‍ ഇല്ലെന്ന വിവരം അറിഞ്ഞത്).
ഇഷ്ടപ്പെട്ട എഴുത്തുകാരിയെ കാണാന്‍ പുറപ്പെട്ടതും കാണാന്‍ പറ്റാതെ പോയതുമായ പ്രയാസം ഫേസ്ബുക്കില്‍ പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം, ഞാന്‍ അഷിതയോട് പങ്ക് വെച്ചിരുന്നു. ഇനിയൊരിക്കല്‍ എന്തായാലും നമുക്ക് കാണാമെന്ന അഷിതയുടെ അന്നത്തെ മറുപടി, അവരുടെ മരണവാര്‍ത്തയറിയവെ, ഞാനൊരിക്കല്‍ക്കൂടി ഇന്‍ബോക്‌സില്‍ നിന്ന് പരതിയെടുത്തു.
കഥയെഴുതിയതിന് അച്ഛനില്‍ നിന്ന് സ്ലേറ്റ് കൊണ്ട് അടി കൊണ്ട ഒരു പരാമര്‍ശം നാലു വര്‍ഷം മുമ്പ് അഷിത എവിടെയോ നടത്തിയിരുന്നത് വായിച്ചിരുന്നു. ഈ ത്രഡില്‍ നിന്നാകണം, സുഹൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് അവരുമായി അടുത്ത കാലത്ത് ദീര്‍ഘമായ സംഭാഷണം നടത്താനും മലയാളി വായനക്കാരെ മുഴുവന്‍ ഞെട്ടിക്കുന്ന വിധം അതിജീവനത്തിന്റെ ആ ഉള്ളുരുക്കങ്ങള്‍ സത്യസന്ധമായി പകര്‍ത്താനും പ്രേരണയായത്. ശിഹാബ് ഒരു പക്ഷേ ഇതിനു മുതിര്‍ന്നില്ലായിരുന്നുവെങ്കില്‍ സാധാരണ ഒരെഴുത്തുകാരിയെന്ന വിലാസത്തില്‍ മാത്രമായി അഷിത അസ്തമിച്ചേനെ.
**
വീണ്ടും വീണ്ടും കണ്ണുകളെ നനയിക്കുന്ന, ഹൃദയത്തെ തുണ്ടം തുണ്ടമാക്കുന്ന തീക്ഷ്ണാനുഭവങ്ങളാണ്, കഠിനപരീക്ഷണങ്ങളുടെ ഹോമാഗ്നിയാണ് ‘അത് ഞാനായിരുന്നു’ എന്ന അഷിതയുടെ ആത്മാനുഭവകഥനം. തന്റെ പിതൃത്വത്തില്‍ സംശയാലുവായ അച്ഛന്റെ കഠിനമര്‍ദ്ദനങ്ങളില്‍ നിന്ന്, ക്രൂരപീഡനങ്ങളില്‍ നിന്ന്, കടുത്ത അവഗണനയില്‍ നിന്ന് എങ്ങനെ വിസ്മയചിഹ്നങ്ങള്‍ പോലെ, അപൂര്‍ണവിരാമങ്ങള്‍ പോലെ, മഴമേഘങ്ങള്‍ പോലെയുള്ള മാസ്റ്റര്‍പീസുകള്‍ അഷിതയ്ക്ക് എഴുതാന്‍ സാധിച്ചുവെന്നത് തീര്‍ച്ചയായും അവിശ്വസനീയമായ അല്‍ഭുതമാണ്. മാനസിക രോഗിയാണെന്ന് പൊയ്ക്കഥ പറഞ്ഞ് പല തവണ അഷിതയെ അച്ഛന്‍ ഷോക്ക് ട്രീറ്റ്‌മെന്റിനു വിധേയയാക്കി. കൊച്ചുകുട്ടിയാകുമ്പോള്‍ മുംബൈയിലെ തിരക്കേറിയ നഗരപാതയിലുപേക്ഷിക്കാന്‍ നോക്കി. ആശുപത്രിയില്‍ മകളെ ഒറ്റയ്ക്കാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച കണ്ണില്‍ച്ചോരയില്ലാത്ത മനുഷ്യനായിരുന്നു അയാള്‍.
- ഇപ്പോഴുമെനിക്ക് ബസ് യാത്രകള്‍ പേടിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാനറിയുന്നത്. അച്ഛനുമമ്മയും മന:പൂര്‍വം എന്നെ ഉപേക്ഷിക്കുകയാണ്. അത് കഴിഞ്ഞ് ഒരു ദിവസം വേറൊരു വലിയ മെന്റല്‍ഹോസ്പിറ്റലില്‍ കൊണ്ടു പോയി. ഡോക്ടറെ കാണിക്കാനാ എന്നാണ് പറഞ്ഞത്. അവിടെ ലിഫ്റ്റുണ്ടായിരുന്നു. അച്ഛന്‍ പറഞ്ഞു: നീ ലിഫ്റ്റില്‍ പോ. ഞാന്‍ സ്റ്റെയര്‍കേസ് വഴി വരാം. ഞാന്‍ കൂട്ടാക്കിയില്ല. അച്ഛന്റെ ഷര്‍ട്ടില്‍ മുറുകെപ്പിടിച്ചു. ഞാന്‍ സമ്മതിച്ചില്ല.
- അതെന്താ അച്ഛന്‍ അങ്ങനെ പറയാന്‍ എന്ന ശിഹാബിന്റെ ചോദ്യത്തിന് അഷിതയുടെ മറുപടി :
He wanted to abandon me..
( അഞ്ചാം വയസ്സിലായിരുന്നു ഇതെന്നോര്‍ക്കുക)
ഞാനൊരു സ്‌ട്രേയ്ഞ്ച് കുട്ടിയാണെന്നാണ് അമ്മ പറയുന്നത്. എന്തോ ഒരു തരം കുട്ടി.
പില്‍ക്കാലത്ത്.. ഇപ്പോ ഇത്രയും കഴിഞ്ഞുപോയിട്ട്. അതിന്റെ പിടിയില്‍ നിന്നും അഷിത ഇപ്പോഴും വിട്ടിട്ടില്ല. അത് വിശകലനം ചെയ്യാന്‍ പറ്റിയിട്ടുണ്ടോ?
- അല്ല, ഞാന്‍ ചോദിച്ചിട്ടുണ്ട്. പിന്നെ ഇതൊക്കെ ഒരു സാധാരണ സംഭവമല്ലല്ലോ. ആലോചിച്ച് നോക്ക് ശിഹാബേ.. ബോംബെയില്‍ ചെന്നിട്ട് 10-17 വയസ്സില്‍ തുടര്‍ച്ചയായ ഷോക്ക് ചികില്‍സ. എന്റെ മുടിയൊക്കെ നേരത്തെ നരയ്ക്കാന്‍ തുടങ്ങി.
ഈ ബയോളജിക്കല്‍ ഫാദര്‍ വേറെയാണെന്നല്ലേ പറയുന്നത്? ആ ഫാദറിനെ കണ്ടിട്ടുണ്ടോ?
- ആ റെക്കാര്‍ഡര്‍ ഓഫ് ആക്കൂ, ശിഹാബേ..