തിരൂർ: വഖഫ് ഭേദഗതി നിയമം കേവല മുസ്ലിം പ്രശ്നമല്ലെന്നും ന്യൂനപക്ഷ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അതിനെ സമൂഹം തിരിച്ചറിയണമെന്നും വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ലീഡ് നേതൃസംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച ലീഡ് നേതൃസംഗമം വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ.താജുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു.നിയമഭേദഗതി എന്ന വ്യാജേന വഖഫ് എന്ന സംവിധാനത്തെ തന്നെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികമായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇത് നിലവിലെ വഖഫ് നിയമങ്ങളെയും ട്രൈബൂണലുകളെയും നോക്കുകുത്തികളാക്കി രാജ്യത്തിൻ്റെ പല ഭാഗത്തും ന്യൂനപക്ഷങ്ങളുടെയും അവരുടെ ആരാധനാലയങ്ങൾക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന കടന്നുകയറ്റങ്ങൾക്കും പിടിച്ചെടുക്കലുകൾക്കും നിയമപരമായ സാധുത നൽകുക എന്നതല്ലാതെ മറ്റൊന്നുമല്ല. അതേസമയം വഖഫ് വിഷയം ഉയർത്തിപ്പിടിച്ച് താൽക്കാലിക കാര്യലാഭങ്ങൾക്ക് വേണ്ടി മുതലെടുപ്പിന് ശ്രമിക്കുന്നചില തൽപരകക്ഷികളെ സമൂഹം തിരിച്ചറിയണം.
തുടർച്ചയായ വർഗീയ പരാമർശങ്ങളിലൂടെയും ധ്രുവീകരണ ശ്രമങ്ങളിലൂടെയും ശ്രദ്ധയാകർഷിക്കുകയും അതുവഴി സമൂഹത്തിൻ്റെ ഐക്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയണമെന്നും സംഗമം അഭിപ്രായപ്പെട്ടു. അപകീർത്തി പരാമർശങ്ങൾ നടത്തി സമൂഹത്തിൽ ഛിദ്രത പടർത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിന് പകരം താത്കാലിക രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി അവർക്ക് ഓശാന പാടുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൻ്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്നതിനാൽ ഇത് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അതിനെ ന്യായീകരിക്കാനാവില്ല. അതിനാൽ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് അധികാരികളടക്കം എല്ലാവരും പിൻമാറണം.
വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹികളായ ഡോ.അൻഫസ് മുക്റം, യു മുഹമ്മദ് മദനി, ഡോ.നസീഫ് പി.പി, ഹാരിസ് കായക്കൊടി, ജംഷീർ സ്വലാഹി, ഡോ. ഫസ് ലുറഹ്മാൻ, ഫിറോസ് ഖാൻ സ്വലാഹി, മുസ്തഫ മദനി, ഡോ.ബഷീർ വി.പി, ഡോ.അബ്ദുൾ മാലിക്, അബ്ദുള്ള അൻസാരി, സിനാജുദ്ദീൻ പി, മുഹമ്മദ് ശബീർ എം കെ തുടങ്ങിയവർ സംസാരിച്ചു. കാഴ്ച പരിമിതർക്ക് വേണ്ടി സംഘടിപ്പിക്കുന്ന എൻവിഷൻ പ്രോഗ്രാമിൻ്റെ വിശദാംശങ്ങൾ ഗഫൂർ മാസ്റ്റർ വിശദീകരിച്ചു.