എന്നെ സംബന്ധിച്ച് ഉത്കണ്ഠകളുടെ ഒരു യാത്രയായിരുന്നു അത്. കോഴിക്കോട്ടേക്ക് യാത്ര തിരിക്കുമ്പോൾ ഹസൻ തിക്കോടി എന്ന ജ്യേഷ്ഠസഹോദരൻ നല്കിയ ഉറപ്പായിരുന്നു ആകെയുള്ള പ്രതീക്ഷയുടെ മുനമ്പ്. ‘ഷഹീറയുടെ പുസ്തകം ഞാൻ എം.ടി യെ ഏല്പിച്ചിരുന്നു. അദ്ദേഹമത് വിലയിരുത്തിയതിന് ശേഷമാണ് നിങ്ങളെ കോഴിക്കോട്ട് കൊട്ടാരം റോഡിലുള്ള വീട്ടിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ടെൻഷനൊന്നും വേണ്ട മടിക്കാതെ പോന്നോളൂ. ഒരു ദിവസം മുന്നേ നാട്ടിൽ നിന്നും പുറപ്പെട്ടു. കുടുംബമൊന്നിച്ചുള്ള യാത്രയിൽ ഞാൻ മാത്രം എം.ടി എന്ന ‘പേടിയെ” (ശരിക്കും എനിക്ക് അദ്ദേഹത്തെ പേടിയായിരുന്നു .. അത്രമേൽ ശ്രേഷ്ഠ ജന്മമായ ,മലയാള ഭാഷാ വിഭൂഷിതനെ കാണാൻ അത്രമേൽ മോഹിച്ചിട്ടും ,വായന തന്ന ഭ്രാന്തമായ ആദരവും ആ ഗൗരവവും പേടിയായി പരിണമിച്ചിരുന്നു. )
ലോഡ്ജ് മുറിയിലെ തണപ്പിലും, ഉഷ്ണ രാത്രിയെന്നോർത്ത് ഞാൻ മാത്രം ഉറങ്ങാതിരുന്നു . നാളെ എന്താകും എം.ടി സർ എന്നോട് പറയുക ? “എഴുത്ത് നിർത്തിക്കോ എന്ന് തന്നെയാകാം . എന്നോട് വാത്സല്യത്തോടെ ഒന്ന് ചിരിക്കുമോ ? അതിനും സാധ്യത തീരെയുണ്ടാകില്ല , കേട്ടറിവിൽ അത്ര ഗൗരവക്കാരനാണല്ലോ.
ഏതായാലും കാണാൻ അനുവാദം തന്നു. ഇനി ധൈര്യമായി കാണുക തന്നെ. അദ്ദേഹം പറഞ്ഞ സമയത്തേക്കാൾ പത്ത് മിനിട്ട് മുന്നേ അവിടെ എത്തി.
മലയാളത്തിൻ്റെ മഹാപുരുഷൻ നല്ല ഉറക്കം.
അധികം വൈകാതെ ഷർട്ടിൻ്റെ മേൽ ബട്ടനുകൾ നേരെയാക്കി അദ്ദേഹം ഇരുപ്പു മുറിയിലേക്ക് വന്നു. സോഫയിലേക്ക് വിരൽ ചൂണ്ടി ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. തൊട്ടടുത്ത കസേരയിൽ മലയാളത്തിന്റെ മഹനായ എം.ടി. “ഉറങ്ങി പോയി ” . ആ ശബ്ദം ആദ്യമായി കേട്ടു ! മഹാമേരുവിൽ നിന്നൊരു പ്രതിധ്വനി പോലെ … ഊണു കഴിച്ചിരുന്നോ. ചോദ്യം മക്കളോടാണ്. അവരതേ എന്ന് ആദരവോടെ തലയാട്ടി … ‘കുറെ പേരുണ്ടായിരുന്നു ഇന്ന്.
ഉച്ച മയക്കം താമസിച്ചു പോയി ‘ സോഫയിൽ ഇരിക്കാതെ ബഹുമാനം, സന്ദേഹം എന്നിവയോടെ പെരുന്തച്ഛനെ കണ്ട് നില്ക്കുന്ന ഞങ്ങളോടായി വീണ്ടും ഇരിക്കാൻ ആവശ്യപ്പെട്ടു. സത്യത്തിൽ ഇരിപ്പിടത്തിൽ ഇരുന്നിട്ട് ഇരുപ്പുറയ്ക്കാതെയാണ് എൻ്റെ നില. ഒരു മാന്ത്രികയെ പോലെ അന്തരീക്ഷത്തിലും സോഫയിലുമായി അങ്ങുമിങ്ങും ഉറയ്ക്കാത്ത അവസ്ഥ . എനിക്ക് ആകെ സംഭ്രമം. സാഹിത്യാഭിരുചിയുടെ ആദ്യാക്ഷരങ്ങൾ എം.ടിയിലൂടെ ഉരുവിട്ട ഒരു കാലഘട്ടത്തിൻ്റെ സന്തതിയാണ് ഞാൻ. ഓച്ചിറയുടെ ചരിത്ര പ്രാധാന്യത്തിലേക്ക് ഒന്നുരണ്ടു വാക്കിലൊതുങ്ങിയ വിവരണം.
ഇടയ്ക്ക് മക്കളെ നോക്കി വാത്സല്യത്തോടെ ചിരിച്ചതോർക്കുന്നു.
എൻ്റെ നേർക്ക് നോക്കുമ്പോൾ എനിക്ക് ഹൃദയമിടിപ്പ് കൂടുകയും എന്താകും അദ്ദേഹം പറയുക എന്നതും എന്നെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. ആദ്യ പുസ്തകം അദ്ദേഹത്താൽ നാട്ടിലും പ്രകാശിതമാകണമെന്ന അതിമോഹം . (സൗദിയിൽ മലയാളം ന്യൂസ് ചീഫായിരുന്ന പ്രിയപ്പെട്ട മുസാഫിർക്കയായിരുന്നു ആ കർമ്മം നിർവ്വഹിച്ചത്) ഹസൻതിക്കോടിയിൽ നിന്നും എൻ്റെപുസ്തകം ഏറ്റുവാങ്ങുമ്പോൾ അദ്ദേഹത്തിൻ്റെ നോട്ടം എൻ്റെ കണ്ണിലേക്കായിരുന്നു. നിറഞ്ഞ് വന്ന കണ്ണുകൾ എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും കഴിയാതെ ഞാനാകെ സന്തോഷവും സങ്കടവും കൂടിച്ചേർന്ന വല്ലാത്തൊരവസ്ഥയിലായി. കണ്ണിലെ നനവ് അദ്ദേഹം കാണാതിരിക്കാൻ നിലത്തേയ്ക്ക് മാത്രമായി എൻ്റെ നോട്ടം.
എന്നോടെന്തെങ്കിലും ഒന്ന് സംസാരിച്ചിരുന്നെങ്കിൽ ! പുസ്തകത്താളുകൾ മറിച്ച് നോക്കുന്നുണ്ട് .
ഇടയ്ക്ക് എം.എൻ കാരശ്ശേരി മാഷ് എഴുതിയ അവതാരികയിലൂടെ കണ്ണോടിച്ച് അവസാനത്തിൽ എൻ്റെ കണ്ണുകൾക്ക് നേരെ ആ നോട്ടം വന്ന് നിന്ന നിമിഷം. ഞാനൊരു ചെറു പക്ഷിയായി. പക്ഷിശ്രേഷ്ഠനായ ഗരുഢന് മുന്നിലാണ് ഈ കുരുന്നിൻ്റെ ശ്വാസം കിട്ടാതെയുള്ള ഇരിപ്പ്. എന്തിനെന്നറിയാതെ വേഗമെഴുന്നേറ്റുനിന്നു. ഇനി എന്താകും പറയാൻ പോകുന്നത് എന്നോർത്ത് ചെറുവിരലിലെ ഇല്ലാത്ത നഖം കടിച്ചുയർത്തി. വിയർത്ത മൂക്കിൻ തുമ്പിൽ പല പ്രാവശ്യംഅമർത്തി തടവി, മൂക്ക് ചുവന്നു. തമ്പുരാനെ ഇങ്ങോട്ട് വരേണ്ടായിരുന്നു.

ഇതോടെ എഴുത്ത് എന്ന എൻ്റെ സ്വപ്നത്തിൻ്റെ കടയ്ക്കൽ കത്തി അല്ല കോടാലി തന്നെ വീഴാൻ പോകുന്നു. എൻ്റെയുള്ളിലെ എഴുത്ത് എന്ന ആശ്വാസ പൂമരം. പ്രതീക്ഷയുടെ അരയാൽ മരം, വേരറ്റ് ദാ ഇപ്പോ നിലത്ത് വീഴും . ഞാൻ ശ്വാസമടക്കി പിടിച്ച് കാഴ്ച നഷ്ടപ്പെട്ടവളെ പോലെ മക്കളെയും നസീറിക്കയെയും നോക്കി. ഹൃദയത്തിലെ ഇരുട്ടാകാം ആ മുറി നിറയെ പ്രതിഫലിച്ചത് എന്ന് തോന്നി . പൊടുന്നനെ ഇരുട്ടൊഴിഞ്ഞ ആകാശമേലാപ്പിൽ നിന്നും വെള്ളിമേഘങ്ങൾ ചിറകുകളായുയർത്തിയ ഒരവദൂതനെപോലെ. ചെറു പുഞ്ചിരിയോടെ എൻ്റെ കണ്ണുകളിലേക്ക് നോക്കി ശാന്തമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു … “അവതാരികയിൽ എം. എൻ പറഞ്ഞതുപോലെ ഷഹീറയുടെ പദപ്രയോഗങ്ങൾ പലതും എനിക്കും അത്ഭുതമായി. പ്രതീക്ഷ നൽകുന്ന ചിലതുണ്ട് അവയിൽ ..ഇന്നലെ തന്നെ ഞാനവയൊക്കെ ശ്രദ്ധിച്ചിരുന്നു ധൈര്യമായി എഴുതൂ. നിനക്കതിന് കഴിയും” ..അതു വരെ അദ്ദേഹം കാണാതിരിക്കാൻ മറച്ചുവച്ച നിറകണ്ണുകൾ എന്തിനെന്നറിയാതെ ചാലുകളായി … ഇന്നും ആ ദിവസത്തെയോർത്ത് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത പുണ്യാക്ഷരങ്ങളുടെ ലിപിയഴകിൽ നിസംഗത പൂണ്ട് , ഹൃദയ വേദനയോടെ. ആ പ്രൗഢ മൗനത്തോട് നിശബ്ദതയോടെ ഹൃദയാഞ്ജലി നേരുന്നു …