കോഴിക്കോട്- ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന സംഭവമാണ് കാസർക്കോട് മോക്പോളിനിടെ കണ്ടെത്തിയ ക്രമക്കേടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി പറഞ്ഞു. ബിജെപിക്ക് അനുകൂലമായ രീതിയിൽ വോട്ടിംഗ് മെഷീനുകളിൽ ക്രമീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന സന്ദേഹം ജനങ്ങളിൽ ഉണ്ടാകുന്നതിന് ഈ സംഭവം കാരണമാകും.
സ്വതന്ത്രവും നീതുപൂർവവുമായ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന സഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ വോട്ടിംഗ് മെഷീനുകളും പരിശോധനയ്ക്ക് വിധേയമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിക്കിടെ കാസർക്കോട് സംഭവത്തിൽ സുപ്രീംകോടതി നടത്തിയ ഇടപെടൽ സ്വാഗതാർഹമാണ്. സുപ്രീം കോടതിയുടെ തന്നെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ തുടർ നടപടികൾ ഉണ്ടാകണം.
ജനാധിപത്യ മര്യാദകൾ പാലിക്കാതെ ഏത് വിധേനയും തെരഞ്ഞെടുപ്പ് വിജയം നേടിയെടുക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന് തെരഞ്ഞെടുപ്പ് വിജയമൊരുക്കുന്നതിനുള്ള ഉപകരണമായി വോട്ടിംഗ് മെഷീൻ ഒരു കാരണവശാലും മാറാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.