തിരുവനന്തപുരം- വിവാദ വെളിപ്പെടുത്തലിന് ശേഷം പി.വി അൻവർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ഇതേവരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച അൻവർ ഇന്ന് യു ടേൺ അടിക്കുന്നതാണ് കണ്ടത്. പോരാട്ടം അവസാനിപ്പിക്കുകയാണെന്നും ഇനി മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അൻവർ പറഞ്ഞു.
ഒരു സഖാവ് എന്ന നിലയിൽ എനിക്കുള്ള ഉത്തരവാദിത്വമാണ് നിർവഹിച്ചത്. പറഞ്ഞ കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്ക് എഴുതി നൽകിയെന്നും എന്റെ ഉത്തരവാദിത്വം അവസാനിച്ചുവെന്നും അൻവർ പറഞ്ഞു. എം.ആർ അജിത് കുമാറിനെ മാറ്റി നിർത്തണം എന്ന് പറയുന്ന ആളല്ല ഞാൻ. അതെല്ലാം പാർട്ടിയും മുഖ്യമന്ത്രിയുമാണ് സ്വീകരിക്കേണ്ടത്. അതിനുള്ള സംവിധാനം മുഖ്യമന്ത്രിയും പാർട്ടിയും സ്വീകരിക്കും എന്നാണ് വിചാരിക്കുന്നത്. ആരെ മാറ്റി നിർത്തണം, നിർത്തേണ്ടതില്ല എന്ന് പാർട്ടിയും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്.
സത്യം തെളിയുമോ എന്ന് കാത്തിരുന്ന് കാണാം. എന്റെ നയം ഇക്കാര്യത്തിൽ വ്യക്തമാണ്. കേരളത്തിലെ പോലീസിലെ ഒരു വിഭാഗത്തിന്റെ പെരുമാറ്റം കേരളത്തിനും പാർട്ടിക്കും നിരവധി പ്രശ്നങ്ങളുണ്ട്. ഇക്കാര്യമാണ് ചൂണ്ടിക്കാണിച്ചത്. ഇക്കാര്യത്തിൽ എല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. ഇത് കമ്യൂണിസ്റ്റ് സർക്കാറാണ്. ഗവൺമെന്റിന് ജനവികാരം അറിയാമെന്നും പി.വി അൻവർ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ ജീവിക്കുന്ന ആളാണ് ഞാൻ. എന്റെ പിറകിൽ വേറെ ആരുമില്ല. സർവ്വശക്തനായ ദൈവം മാത്രമാണ് എന്റെ കൂടെയുള്ളത്. ഗോവിന്ദൻ മാസ്റ്റർക്കും പരാതി നൽകുമെന്ന് അൻവർ പറഞ്ഞു.