കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യക്കെതിരെ പോലീസ് കേസെടുത്തു. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.
നാട്ടിലേക്ക് ട്രാൻസ്ഫറായ നവീൻ ബാബുവിനുള്ള യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പി പി ദിവ്യക്കെതിരെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നല്കിയിരുന്നു.
ഒരു പെട്രോൾ പമ്പിന്റെ ലൈസൻസുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ ആരോപണം. പ്രസ്തുത പമ്പ് ദിവ്യയുടെ ഭർതൃ ബിനാമിക്കു വേണ്ടിയുള്ളതാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ മറ്റു പരാതികളും ഉയർന്നതോടെ പോലീസും പാർട്ടിയുമെല്ലാം വിഷയം അന്വേഷിച്ചുവരികയാണെന്നാണ് വിവരം.