കൊച്ചി- പ്രശസ്ത സിനിമാഗാന രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. പത്തോളം സിനിമകൾക്ക് കഥയും തിരക്കഥയും രചിച്ച മങ്കൊമ്പ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിമോചന സമരം ആണ് ആദ്യ സിനിമ. 1975ൽ “ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ” ഉൾപ്പെടെ ആറു ഗാനങ്ങളുള്ള ഹരിഹരൻ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചതോടെ ശ്രദ്ധേയമായി.
തുടർന്ന് ബാബുമോൻ എന്ന ചിത്രം പുറത്തുവന്നു. ഹരിഹരൻ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. മങ്കൊമ്പിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം.എസ്. വിശ്വനാഥൻ ആയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. ബാഹുബലി ഉൾപ്പെടെ 200 ചിത്രങ്ങളിൽ പ്രവർത്തിച്ചു.
1970-ൽ മദിരാശിയിലെത്തിയതാണ് മങ്കൊമ്പിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ചെറുപ്പംമുതൽ കവിതയെഴുതുമായിരുന്നു. നാട്ടിൽ ഒരു പ്രസിദ്ധീകരണത്തിലെ ജോലിക്കിടെയാണ് ചെന്നൈയിൽ അന്വേഷണം മാസികയുടെ എഡിറ്ററായി ജോലിയിൽ പ്രവേശിക്കാൻ തുടങ്ങിയത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിൽനിന്ന് അദ്ദേഹം സിനിമാഗാനങ്ങൾ മൊഴിമാറ്റിയിട്ടുണ്ട്.