കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവരുന്ന വിവാദങ്ങൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. നടനും അമ്മ പ്രസിഡന്റുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്.
യോഗത്തിൽ നേരിട്ട് പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർത്ഥം യോഗം മാറ്റിയിരിക്കുന്നതെന്ന് സംഘടനയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. സിനിമാ പ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ യോഗം നിർണായകമാണ്. പുതിയ തീയതി ഉടൻ അറിയിക്കുമെന്ന് അമ്മ ഭാരവാഹികൾ പറഞ്ഞു.
അമ്മ ജനറൽ സെക്രട്ടറയായിരുന്ന സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉയർന്നതിന് പിന്നാലെ അദ്ദേഹം രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി അമ്മ യോഗം നാളെ ചേരാൻ ഇരുന്നത്. യോഗത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് അടക്കം ചർച്ച ചെയ്യുമെന്നാണ് വിവരം. പുതിയ ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുക്കണം. കൂടാതെ ഓരോദിവസവും ഉയർന്നുവരുന്ന ആരോപണങ്ങളിൽ അമ്മയുടെ നിലപാട് വ്യക്തമാക്കണം.
അതേസമയം, പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. ഡബ്യൂ സി സി അംഗങ്ങളുമായി ചർച്ചനടത്താനും നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. അമ്മ സംഘടനയിൽ നിന്ന് ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിറുത്തരുതെന്നും പല തൊഴിലിടങ്ങളിലും ഇങ്ങനെയില്ലേ എന്ന ചോദ്യം സമൂഹത്തിന് ചേർന്നതല്ലെന്നുമാണ് ജഗദീഷ് പ്രതികരിച്ചത്.