കോട്ടക്കൽ: വ്യത്യസ്ഥ സംഘടനകളിലായി പ്രവർത്തിക്കുന്ന മുജാഹിദ് പണ്ഡിതന്മാർ മഹല്ല് സംഗമത്തിൽ ഒരേ വേദിയിൽ ഒത്തു കൂടി. മലപ്പുറം ജില്ലയിലെ പറവന്നൂർ വെസ്റ്റ് മദ് റസത്തുൽ ഇസ്ലാഹിയ്യ അമ്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നദ് വത്തുൽ മുസ്ലിഹീൻ സംഘം മഹല്ല് സംഗമത്തിലാണ് മുജാഹിദ് നേതാക്കളായ ഡോ. ഹുസൈൻ മടവൂർ ( കെ.എൻ.എം ), സി പി ഉമർ സുല്ലമി (മർകസ് ദഅവ ) കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ (വിസ്ഡം ) എന്നിവർ ഒന്നിച്ച് പങ്കെടുത്തത്.
വീക്ഷണ വ്യത്യാസങ്ങൾ നിലനിൽക്കെ തന്നെ മത, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തങ്ങളിൽ കഴിയുന്നത്ര യോജിച്ച് പ്രവർത്തിക്കാൻ ശ്രമിക്കണമെന്ന് നേതാക്കൾ പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്ത കുറുക്കോളി മൊയ്തീൻ എം.എൽ.എ ഇത്തരം കൂട്ടായ്മകൾ വളർന്നു വരണമെന്ന് ആശംസിക്കുകയും ഭാരവാഹികളെയും പണ്ഡിതന്മാരെയും അഭിനന്ദിക്കുകയും ചെയ്തു. ഈ കൂട്ടായ്മ ഏറെ സന്തോഷം നൽകുന്നുണ്ടെന്ന് മഹല്ല് ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ വർഷം താനാളൂരിൽ പുതുക്കിപ്പണിത ജുമാ മസ്ജിദ് ഉദ്ഘാടനത്തിൽ ടി.പി. അബ്ദുല്ലക്കോയ മദനി, സി പി ഉമർ സുല്ലമി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഡോ. ഹുസൈൻ മടവൂർ എന്നിവർ പങ്കെടുത്തത് പ്രവർത്തകർക്ക് വലിയ ആവേശം നൽകിയിരുന്നു.