തിരുവനന്തപുരം: സ്വകാര്യസന്ദര്‍ശനത്തിനായി വിദേശത്തേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് യാത്ര പുറപ്പെട്ടത് ഇന്തോനേഷ്യയിലേക്കാണ്. മേയ് 12 വരെ അവിടെ തുടരും.
12ന് സിംഗപൂരിലേക്ക് പോകുന്ന മുഖ്യമന്ത്രി മേയ് 18 വരെ അവിടെ ചെലവഴിക്കും. പിന്നീട് ഈ മാസം 19 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയും കുടുംബവും യുഎഇയും സന്ദര്‍ശിക്കും. ഇതിന് ശേഷം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും കൊച്ചുമകനുമുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണാ വിജയനും നാല് ദിവസം മുമ്പ് വിദേശത്തേക്ക് യാത്ര തിരിച്ചിരുന്നു. യുഎഇയിലേക്കായിരുന്നു ആദ്യ യാത്ര. ഇന്ന് ഇരുവരും ഇന്തോനേഷ്യയിലേക്കെത്തും.
ഞായറാഴ്ചയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിനോദയാത്രയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രിയും മന്ത്രി റിയാസും അറിയിച്ചിരിക്കുന്നത്.
ഔദ്യോഗികമായ അറിയിപ്പൊന്നും കൂടാതെയാണ് മുഖ്യമന്ത്രിയുടെ കുടുംബസമേതമുള്ള യാത്ര. യാത്രയുടെ കാര്യം ഗവര്‍ണറെയും അറിയിച്ചിട്ടില്ല.
കുറച്ച് ദിവസത്തേക്ക് ഓഫീസിലുണ്ടാകില്ലെന്ന വിവരമാണ് സ്റ്റാഫ് അംഗങ്ങളെ മുഖ്യമന്ത്രി അറിയിച്ചത്. യാത്രയുടെ ദിവസങ്ങളില്‍ വിവിധ ജില്ലകളിലായി മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ നിശ്ചയിച്ചിരുന്നെങ്കിലും അതെല്ലാം മാറ്റിവച്ചിട്ടുണ്ട്.