തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് പറയേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മാധ്യമങ്ങൾ അറിഞ്ഞില്ലെങ്കിൽ അവരുടെ കഴിവുകേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ യാത്രയെക്കുറിച്ച് എന്തിനാണ് വിവാദം ഉണ്ടാക്കുന്നത്? നിയമലംഘനമോ ചട്ടലംഘനമോ മുഖ്യമന്ത്രി നടത്തിയിട്ടില്ല. യാത്രയെക്കുറിച്ച് പാർട്ടി അറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഞങ്ങളെ കുറിച്ച് ഞങ്ങൾ തീരുമാനിക്കാം. നിങ്ങളെന്തിനാ തീരുമാനിക്കുന്നതെന്നും ഇ.പി. ജയരാജൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന ചോദ്യത്തിന് നിങ്ങള്‍ കൊടുക്കുമോ ചെലവെന്നായിരുന്നു മറുപടി. ‘നിങ്ങളോട് പറഞ്ഞാലാണോ പരസ്യമാകുക? ഞങ്ങള്‍ എവിടെയൊക്കെ പോകണം എവിടെയൊക്കെ പ്രസംഗിക്കണം എന്ന് ഞങ്ങള്‍ തീരുമാനിക്കും. അതിനുള്ള അവകാശം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. അതില്‍ മാധ്യമങ്ങള്‍ വിഷമിക്കേണ്ട. നിങ്ങളോട് ചോദിച്ചല്ല ഞങ്ങള്‍ പോകുന്നത്. നിങ്ങളെ അറിയിക്കേണ്ട ആവശ്യവുമില്ല. മുഖ്യമന്ത്രി പോയതില്‍ ഒരു പിശകും ഞങ്ങള്‍ കാണുന്നില്ല’- ഇ.പി. ജയരാജന് കൂട്ടിച്ചേര്‍ത്തു.