ന്യൂഡൽഹി: 1984-ലെ സിഖ് വിരുദ്ധ കലാപങ്ങളിൽ കോൺഗ്രസ് പാർട്ടിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റുകൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ അസാന്നിധ്യത്തിൽ പാർട്ടിയുടെ ഭാഗത്ത് നിന്ന് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അവയുടെ ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിലെ ബ്രൗൺ സർവകലാശാലയിലെ വാട്സൺ ഇൻസ്റ്റിട്യൂട്ട് ഫോർ പബ്ലിക് അഫയേഴ്സിൽ നടന്ന ചോദ്യോത്തര വേളയിൽ, സിഖ് വിഭാഗത്തിൽപ്പെട്ട ഒരു യുവാവിന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
സിഖുകാർക്ക് തലപ്പാവോ കടയോ ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനപ്പുറം അഭിപ്രായസ്വാതന്ത്ര്യം ആവശ്യമാണെന്നും, മുൻകാലങ്ങളിൽ കോൺഗ്രസ് പാർട്ടി അത് നിഷേധിച്ചിരുന്നുവെന്നും ആരോപിച്ചു. 1984-ലെ കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ ശിക്ഷിക്കപ്പെട്ടതും, പാർട്ടിയിൽ ഇനിയും അത്തരം വ്യക്തികൾ ഉണ്ടെന്നും യുവാവ് ചൂണ്ടിക്കാട്ടി. അനന്ത്പുർ സാഹിബ് പ്രമേയത്തെ വിഘടനവാദ രേഖയായി കോൺഗ്രസ് മുദ്രകുത്തിയതിനെയും യുവാവ് വിമർശിച്ചു.
തങ്ങളുടെ മതം വെളിപ്പെടുത്താന്‍ പ്രയാസം നേരിടുന്ന ഒരിന്ത്യ വേണമെന്നല്ല താന്‍ പറഞ്ഞതെന്നും സിഖുകാരെ മുറിപ്പെടുത്തുന്ന യാതൊന്നും തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് രാഹുല്‍ ചെറുപ്പക്കാരന് മറുപടി നല്കി. താനില്ലാതിരുന്ന കാലത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് തെറ്റുകള്‍ ഉണ്ടായതായും അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. എണ്‍പതുകളില്‍ നടന്നത് തെറ്റുതന്നെയാണെന്ന് പരസ്യമായി താന്‍ സമ്മതിക്കുന്നതായും സുവര്‍ണക്ഷേത്രത്തില്‍ താന്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയതായും ധാരാളം സിഖ് മതസ്ഥരുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.