തായിഫ് – ദക്ഷിണ തായിഫിലെ ബനീമാലികില്‍ ഒഴുക്കില്‍ പെട്ട് സൗദി യുവാവ് മരണപ്പെടുകയും സുഡാനിയെ കാണാതാവുകയും ചെയ്തു. രണ്ടു സൗദി പൗരന്മാരും രണ്ടു സുഡാനികളും സഞ്ചരിച്ച കാര്‍ അല്‍ഖുറൈഅ് ബനീമാലികിലെ വാദി അര്‍ദയില്‍ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. ഇക്കൂട്ടത്തില്‍ പെട്ട ഒരു സൗദി പൗരനെയും ഒരു സുഡാനിയെയും മറ്റുള്ളവര്‍ രക്ഷപ്പെടുത്തി. ഒഴുക്കില്‍ പെട്ട് മരിച്ച സൗദി യുവാവിന്റെ മയ്യിത്ത് കണ്ടെത്തി. കാണാതായ സുഡാനിക്കു വേണ്ടി തിരച്ചിലുകള്‍ തുടരുകയാണ്.
ഒരു വര്‍ഷം മുമ്പ് തായിഫ് അല്‍വിസാം ഡിസ്ട്രിക്ടില്‍ പ്രളയത്തില്‍ പെട്ട കാറില്‍ കുടുങ്ങിയ മറ്റൊരു കുടുംബത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ 31 കാരനാണ് അല്‍ഖുറൈഅ് ബനീമാലികില്‍ ഒഴുക്കില്‍ പെട്ട് മരിച്ചതെന്ന് മരണപ്പെട്ട സൗദി യുവാവിന്റെ ബന്ധു പറഞ്ഞു. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ബനീമാലികിലെ അല്‍മുഫ്‌റസ് റോഡ് തകര്‍ന്നു. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മക്ക ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയും തായിഫ് യൂനിവേഴ്‌സിറ്റിയും, മക്ക പ്രവിശ്യയിലെയും അല്‍ബാഹയിലെയും ടെക്‌നിക്കല്‍ ആന്റ് വൊക്കേഷനല്‍ ട്രെയിനിംഗ് കോര്‍പറേഷന്‍ സ്ഥാപനങ്ങള്‍ക്കും, മഹായില്‍ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകള്‍ക്കും ഇന്ന് (ഞായര്‍) അവധി നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group