ജിദ്ദ – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഗാസയിലെ യു.എന്‍ ഹ്യുമാനിറ്റേറിയന്‍, പുനര്‍നിര്‍മാണ കോ-ഓര്‍ഡിനേറ്ററായ സിഗ്രിഡ് കാഗും ചര്‍ച്ച നടത്തി. സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിന്റെ വാര്‍ഷിക യോഗത്തോടനുബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
ഗാസയിലേക്ക് മതിയായതും സുസ്ഥിരവുമായ മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഗാസയില്‍ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക ദുരന്തം തടയാന്‍ വെടിനിര്‍ത്തല്‍ കരാറിലെത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. സ്‌പെയിനിലെ സൗദി അംബാസഡര്‍ ഹൈഫാ ബിന്‍ത് അബ്ദുല്‍ അസീസ് ആലുമുഖ്‌രിന്‍ രാജകുമാരിയും വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ദാവൂദും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.