റിയാദ്: ഇക്കൊല്ലത്തെ ഹജ്ജ് സേവനനത്തിന് നാലായിരത്തോളം വളണ്ടിയർമാരെ രംഗത്തിറക്കാൻ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി യുടെ കീഴിലുള്ള ഹജ്ജ് സെൽ തീരുമാനിച്ചു. വളണ്ടിയർമാരുടെ ജിസ്ട്രേഷൻ ഉദ്ഘാടനം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ നിർവഹിച്ചു. ജിദ്ദ, മക്ക, മദീന ഉൾപ്പടെ രാജ്യത്തുള്ള മുപ്പത്തി ആറ് സെൻട്രൽ കമ്മിറ്റികളിൽ നിന്ന് വളണ്ടിയർമാരുടെ രജിസ്ട്രേഷൻ വരും ദിവസങ്ങളിൽ പൂർത്തിയാക്കും.
കെഎംസിസി ഹജ്ജ് സെല്ലിന്റെ മേൽനോട്ടത്തിൽ ജിദ്ദയിലും മദീനയിലും തീർത്ഥാടകർ വിമാനമിറങ്ങുന്നത് മുതൽ അവസാന ഹാജിയും മടങ്ങുന്നത് വരെ പുണ്യഭൂതികളിൽ തീർത്ഥാടകർക്ക് വഴികാട്ടികളായി കെഎംസിസിയുടെ വളണ്ടിയർമാർ സർവ സജ്ജരായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും അല്ലാഹുവിന്റെ അതിഥികൾക്ക് വിശുദ്ധ കർമ്മത്തിനിടയിൽ ആവശ്യമായ സഹായങ്ങൾ നൽകി അവരുടെ കർമ്മങ്ങൾക്ക് ആശ്വാസം പകരുകയെന്നതായിരിക്കും വളണ്ടിയർമാരുടെ ദൗത്യം. ഇതിനായി സഊദിയുടെ വിവിധ സെൻട്രൽ കമ്മിറ്റികളിൽ നിന്ന് വളണ്ടിയർമാരെത്തും.
എല്ലാ ഭാഗങ്ങളിലും ജിസ്ട്രേഷൻ ഉടനെ ആരംഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന ഹജ്ജ് സെൽ ഉപസമിതിയുടെ യോഗത്തിൽ ചെയർമാൻ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. കുഞ്ഞിമോൻ കാക്കിയ ഉദ്‌ഘാടനം നിർവഹിച്ചു. അഷ്‌റഫ് വേങ്ങാട്ട്, അബൂബക്കർ അരിമ്പ്ര, ശരീഫ് കാസർഗോഡ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ സ്വാഗതവും വളണ്ടിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം നന്ദിയും പറഞ്ഞു .