- കൂട്ടക്കുരുതികള്‍ തുടരാന്‍ ഇസ്രായിലിന് പ്രേരകം അമേരിക്കന്‍ പിന്തുണ – ഫലസ്തീന്‍
ജിദ്ദ – തെക്കുപടിഞ്ഞാറന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ അല്‍മവാസിയില്‍ അഭയാര്‍ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇന്നു പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങള്‍. ഡസന്‍ കണക്കിനാളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യാന്‍ ഇടയാക്കിയ ആക്രമണത്തെ സൗദി അറേബ്യ അതിരൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ഇസ്രായിലിന്റെ വംശഹത്യാ കുറ്റകൃത്യങ്ങളെ സൗദി അറേബ്യ ശക്തമായി നിരാകരിക്കുന്നു. ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണം. അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക നിയമങ്ങളും മാനദണ്ഡങ്ങളും നിരന്തരം ലംഘിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായില്‍ സൈന്യത്തിനാണ്. അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും നിരന്തരം ലംഘിക്കുന്നത് തടയാനും ഇസ്രായിലിനോട് കണക്കു ചോദിക്കാനുമുള്ള അന്താരാഷ്ട്ര സംവിധാനം സജീവമാക്കാന്‍ നിയമപരവും മാനുഷികവും ധാര്‍മികവുമായ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനാണെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്ര നിയമവും യു.എന്‍ രക്ഷാ സമിതി പ്രമേയവും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവുകളും നഗ്നമായി ലംഘിച്ച് ഖാന്‍ യൂനിസില്‍ ഇസ്രായില്‍ നടത്തിയ കൂട്ടക്കുരുതിയെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ അപലപിച്ചു. നീതിയും അന്താരാഷ്ട്ര നിയമവും പ്രമേയങ്ങളും നടപ്പാക്കുന്നതില്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കഴിവില്ലായ്മ ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്രായിലിനെ സഹായിക്കുകയും ഗാസയില്‍ മാനുഷിക ദുരിതം വര്‍ധിപ്പിക്കുകയും ചെയ്തതായി ഒ.ഐ.സി പറഞ്ഞു.
ഫലസ്തീന്‍ ജനതക്കെതിരായ വംശഹത്യാ യുദ്ധവും ദൈനംദിന കൂട്ടക്കുരുതികളും ഇസ്രായിലിനുള്ള അമേരിക്കന്‍ പിന്തുണയും പശ്ചിമേഷ്യയെ പ്രക്ഷുബ്ധമാക്കിയതായി ഫലസ്തീന്‍ പ്രസിഡന്‍സി വക്താവ് നബീല്‍ അബൂറദീന പറഞ്ഞു. അല്‍മവാസിയില്‍ അഭയാര്‍ഥികളെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ കൂട്ടക്കുരുതിയുടെയും വെസ്റ്റ് ബാങ്കിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും അഭയാര്‍ഥി ക്യാമ്പുകളിലും അതിക്രമിച്ചു കയറി നടത്തുന്ന ആക്രമണങ്ങളുടെയും പശ്ചാത്തല സൗകര്യങ്ങള്‍ തകര്‍ക്കുന്നതിന്റെയും ഒന്നാമത്തെ ഉത്തരവാദിത്തം അമേരിക്കന്‍ ഭരണകൂടത്തിനാണ്. അമേരിക്കയുടെ അഭൂതപൂര്‍വമായ രാഷ്ട്രീയ, സൈനിക, സാമ്പത്തിക പിന്തുണയില്ലായിരുന്നുവെങ്കില്‍ മുഴുവന്‍ അന്താരാഷ്ട്ര പ്രമേയങ്ങളും നിയമങ്ങളും വെല്ലുവിളിച്ച് സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യാന്‍ ഇസ്രായില്‍ ധൈര്യം കാണിക്കില്ലെന്നും നബീല്‍ അബൂറദീന പറഞ്ഞു.
അല്‍മവാസിയില്‍ ഇന്ന് പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അഞ്ചു കണ്‍കഷന്‍ മിസൈലുകള്‍ ഉപയോഗിച്ചാണ് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ ആക്രമണം നടത്തിയത്. ശക്തമായ ആക്രമണത്തില്‍ പ്രദേശത്ത് ഒമ്പതു മീറ്റര്‍ താഴ്ചയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഇത് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള രക്ഷാ സംഘങ്ങളുടെയും മെഡിക്കല്‍ സംഘങ്ങളുടെയും ശ്രമങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കി.