മക്ക – വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും വെള്ളിയാഴ്ച ജുമുഅ ഖുതുബ, നമസ്‌കാര സമയം 15 മിനിറ്റോളമായി കുറക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. ജുമുഅയുടെ ആദ്യ ബാങ്ക് സമയം വൈകിപ്പിക്കാനും നിര്‍ദേശമുണ്ട്. ആദ്യ ബാങ്കിനും രണ്ടാം ബാങ്കിനും ഇടയിലെ ഇടവേള പത്തു മിനിറ്റ് ആയാണ് കുറച്ചിരിക്കുന്നത്. ഇന്നു മുതല്‍ വേനല്‍ക്കാലം അവസാനിക്കുന്നതു വരെ പുതിയ ക്രമീകരണം നിലവിലുണ്ടാകും. കടുത്ത ചൂടും ഹറമുകളില്‍ അനുഭവപ്പെടുന്ന തിരക്കും കണക്കിലെടുത്താണ് ഖുതുബ, നമസ്‌കാര സമയം കുറച്ചിരിക്കുന്നത്.
പുതിയ ക്രമീകരണം അനുസരിച്ച് ഖുതുബക്ക് പത്തു മിനിറ്റോളവും ജുമുഅ നമസ്‌കാരത്തിന് അഞ്ചു മിനിറ്റോളവുമാണ് നീക്കിവെക്കുക. ഇതുവരെ ഖുതുബക്ക് അര മണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ സമയമെടുത്തിരുന്നു. മക്കയിലും മദീനയിലും കടുത്ത ചൂടും തിരക്കുമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെയാണ് ചൂടിന് ഏറ്റവും കാഠിന്യം കൂടുന്നത്. ജുമുഅ നമസ്‌കാരത്തിനിടെ നിരവധി വിശ്വാസികള്‍ക്ക് നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യം കണക്കിലെടുത്താണ് രോഗികളും പ്രായമായവരും അടക്കമുള്ളര്‍ക്ക് കടുത്ത ചൂട് മൂല്യമുള്ള ദേഹാസ്വാസ്ഥ്യങ്ങളില്‍ നിന്നും ക്ഷീണത്തില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ശ്രമിച്ച് ഇരു ഹറമുകളിലും ജുമുഅ ഖുതുബ, നമസ്‌കാര സമയം കുറക്കാന്‍ രാജാവ് നിര്‍ദേശിച്ചതെന്ന് ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.